
ലോകത്തില്‍ ഏറ്റവും അധികകാലം ജീവിച്ചിരുന്ന പക്ഷി എന്ന പദവി ഓസ്ട്രേലിയയിലെ കോക്കി ബെന്നറ്റ് എന്ന കോക്കാറ്റൂ പക്ഷിയ്ക്കാണ്. 1916 ല്‍ ആണ് കോക്കാറ്റു മരണമടയുന്നത്. ആ സമയം ഈ പക്ഷിക്ക് 120 വയസ്സുണ്ടായിരുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. അന്ന് ഓസ്ട്രേലിയന്‍ പത്രങ്ങള്‍ ഈ പക്ഷിക്കായി പ്രത്യേകയിടം തന്നെ ഒരുക്കിയിരുന്നു.
ക്യാപ്റ്റന്‍ എല്ലിസ് എന്ന വ്യക്തിയുടെ വളര്‍ത്തുപക്ഷിയായിരുന്നു കോക്കി. ഏകദേശം 78 വര്‍ഷത്തോളം എല്ലിസിനൊപ്പം കപ്പല്‍യാത്രയില്‍ കോക്കി ഉണ്ടായിരുന്നു. പിന്നീട് എല്ലിസിന്റെ അനുജനായ ജോസഫ് ബൗഡനൊപ്പം താമസിച്ചു. പിന്നീട് ജോസഫ് അന്തരിച്ചു. കോക്കി ജോസഫിന്റെ ഭാര്യയായ സാറയ്ക്കൊപ്പമായി താമസം. പില്ക്കാലത്ത് സാറ ഹോട്ടല്‍ വ്യവസായിയായ ബെന്നറ്റിനെ വിവാഹം കഴിച്ചു. അവസാന കാലങ്ങളില്‍ ബെന്നറ്റിന്റെയും സാറയുടെ അനന്തരവന്റെയും ഹോട്ടലുകളില്‍ ജീവിച്ച കോക്കി ആളുകളോട് സംസാരിക്കുന്നതിലും സുഹൃത്തുക്കളെയുണ്ടാക്കുന്നതിലും മിടുക്കനായിരുന്നു.
നിലവില്‍ ലോകത്തില്‍ ജീവിക്കുന്നതില്‍ ഏറ്റവും പ്രായമുള്ള കടല്‍ പക്ഷിയെന്നു കരുതുന്നത് വിസ്ഡം എന്ന ആല്‍ബട്രോസ് പക്ഷിയാണ്. ഹവായിക്കു സമീപം മിഡ്വേ അറ്റോള്‍ എന്ന ദ്വീപിലെ സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന വിസ്ഡത്തിനു നാല്പതിലധികം കുട്ടികളുണ്ട്. 1956ലാണ് വിസ്ഡത്തിനെ അമേരിക്കന്‍ അധികൃതര്‍ കണ്ടെത്തി ഐഡന്റിഫിക്കേഷന്‍ ബാന്‍ഡ് ഇട്ടത്. അന്ന് അവള്‍ക്ക് 5 വയസ്സായിരുന്നു പ്രായം. ആല്‍ബട്രോസുകള്‍ക്ക് പൊതുവേ ജീവിതത്തില്‍ ഒരേയൊരു പങ്കാളിയാകും ഉണ്ടാകുക. എന്നാല്‍ വിസ്ഡത്തിന്റെ കാര്യത്തില്‍, ആയുര്‍ദൈര്‍ഘ്യം കൂടിയതിനാല്‍ ഇതായിരുന്നില്ല സ്ഥിതി.
ആല്‍ബട്രോസുകള്‍ പ്രശസ്തമായ കടല്‍പ്പക്ഷികളാണ്. ഒട്ടേറെ നോവലുകളിലും കവിതകളിലും സിനിമകളിലുമൊക്കെ ഇവയെപ്പറ്റി പരാമര്‍ശമുണ്ട്. ഈ ഗ്രൂപ്പിലെ ഉപവിഭാഗമായ ലെയ്സാന്‍ ആല്‍ബട്രോസില്‍ പെട്ടതാണ് വിസ്ഡം.വടക്കന്‍ ശാന്തസമുദ്ര മേഖലയില്‍ കാണപ്പെടുന്ന ഇവ ആകാരത്തില്‍ ചെറുതാണ്. വെളുത്ത നിറമുള്ള ശരീരവും ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള ചിറകുകളും ഇവയ്ക്കുണ്ട്. വര്‍ഷത്തില്‍ സിംഹഭാഗവും കടലില്‍ ചിലവഴിക്കുന്ന ഇവ പ്രജനന കാലത്താണ് മിഡ്വേ ആറ്റോളിലേക്ക് എത്തുന്നത്.വടക്കന്‍ ശാന്തസമുദ്രമേഖലയില്‍ മാത്രം രണ്ടര ലക്ഷത്തോളം ഇത്തരം പക്ഷികളുണ്ടെന്നാണു കണക്ക്.






