
കൊച്ചി: വയനാട്ടില്‍ നരഭോജി കടുവയെ വെടിവെയ്ക്കുന്നതിന് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്ജിക്കാരന് അനാവശ്യമായി കോടതിയുടെ സമയം കളഞ്ഞതിന് 25,000 രൂപ പിഴയിടുകയും ചെയ്തു. ഒരു ജീവനാണ് നഷ്ടമായത്. അതിനെ എങ്ങിനെ കുറച്ചു കാണുമെന്ന് കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ ചോദിച്ചു. ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമമാണോ എന്ന് ചോദിച്ചായിരുന്നു പിഴയിട്ടത്.
ഏത് കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടില്ല, പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ വെടിവെക്കാവൂ, മാർഗരേഖ പാലിക്കാതെയാണ് വെടിവെക്കാൻ ഉത്തരവിട്ടതെന്നെല്ലാമായിരുന്നു ഹർജിയിലുണ്ടായിരുന്നത്.
വയനാട്ടില്‍ യുവകര്ഷകന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാര്‍ഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നരഭോജി കടുവയ്ക്കായുള്ള തെരച്ചില്‍ നാലാം ദിവസത്തിലേക്ക് കടന്നിട്ടും കാര്യമായ വിവരമൊന്നും വനം വകുപ്പിന് കിട്ടിയിട്ടില്ല. പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടുവ സാന്നിധ്യമുള്ളതിനാല്‍ ഇന്ന് മൂടകൊല്ലിയിലെ സ്കൂളിന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കടുവയ്ക്കായുള്ള തിരച്ചില്‍ ഇന്ന് വീണ്ടും ആരംഭിച്ചു. വനം വകുപ്പിന്റെ മയക്കുവെടി സംഘവും ആര്‍ആര്‍ടി അംഗങ്ങളും തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഇന്നലെയും ഒരു പ്രദേശവാസി കടുവയെ കണ്ടിരുന്നു. 90 ഏക്കര്‍ വന മേഖല കേന്ദ്രീകന്ദ്രീകരിച്ച് ശക്തമായ തെരച്ചില്‍ തുടരുകയാണ്.
അതിനിടയില്‍ കൂടല്ലൂരിലെ കോഴിഫാമില്‍ കടുവ എത്തിയിരുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. കടുവയെ കണ്ടെത്താനുള്ള ശ്രമം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നെങ്കിലും കടുവ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. കൂടുകളും ക്യാമറകളും സ്ഥാപിച്ചും ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലുകള്ക്കുമൊടുവിലാണ് ശ്രീനാരായണപുരം 90 ഏക്കര്‍ വനമേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.






