
നെക്സോണ്‍ ഇവിയില്‍ മാത്രം പ്രഖ്യാപിച്ച ഡിസ്കൗണ്ടുകള്‍ ഇപ്പോള്‍ കൂടുതല്‍ ബജറ്റ് ഫ്രണ്ട്ലിയായ ടിഗോര്‍ ഇവി, ടിയാഗോ ഇവികളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടേഴ്സ്. കമ്പനിയുടെ ഇയര്‍ എന്‍ഡ് ഓഫറുകള്‍ക്ക് ഡിസംബര്‍ 31 വരെ അല്ലെങ്കില്‍ സ്റ്റോക്കുകള്‍ അവസാനിക്കുന്നത് വരെ മാത്രമാണ് സാധുതയുള്ളത്. ഇലക്ട്രിക് കോംപാക്ട് സെഡാനായി ടിഗോറില്‍ മൊത്തം 1.10 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഈ മാസം ഉപയോഗപ്പെടുത്താനാവുക. നിലവില്‍ 12.49 ലക്ഷം മുതല്‍ 13.75 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള ടിഗോര്‍ ഇവിയുടെ വില ഇത്രയും കുറയുന്നത് ഇതാദ്യമായാണ്.
സെഡാന് വാങ്ങുന്നവര്‍ക്ക് അതിന്റെ എല്ലാ വേരിയന്റുകളിലും 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസിനൊപ്പം 50,000 രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്കൗണ്ടും ലഭിക്കും. 10,000 രൂപ വരെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളുമാണ് ഇയര്‍ എന്‍ഡ് ഓഫറിനു കീഴില്‍ കൊണ്ടുവന്നിരിക്കുന്നത്. ടിയാഗോ ഇവിയുടെ ഇയര്‍ എന്‍ഡ് ഓഫറിലേക്ക് വന്നാല്‍ മൊത്തം 70,000 രൂപയുടെ ആനുകൂല്യങ്ങളാണ് ടാറ്റ മോട്ടോര്‍സ് ഈ മാസം വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളില്‍ 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 55,000 രൂപ വരെ ഗ്രീന്‍ ബോണസ് എന്നിവയാണ് ഇലക്ട്രിക് ഹാച്ച്ബാക്കില്‍ ലഭിക്കുന്ന ഇയര്‍ എന്‍ഡ് ഓഫറുകള്‍.
ടിയാഗോ ഇവിക്ക് 7,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവുകളും ലഭിക്കുന്നുണ്ടെന്നാണ് വിവരം. നിലവില്‍ മോഡലിന് ഇന്ത്യയില്‍ 8.69 ലക്ഷം മുതല്‍ 12.04 ലക്ഷം വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഡിസംബര്‍ 21-ന് പഞ്ച് മൈക്രോ എസ്യുവിയുടെ ഇലക്ട്രിക് വേരിയന്റും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോര്‍സ്. ബ്രാന്‍ഡിന്റെ നാലാമത്തെ ഇവിയായിരിക്കും ഇത്. പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിന്റെ പരീക്ഷണയോട്ട ദൃശ്യങ്ങള്‍ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.






