
വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലു പേരെ ബംഗളൂരു സെന്‍ട്രല്‍ സിറ്റി ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം പിടികൂടി. ഖലീം, ഭാര്യ സഭ, ഒബേദ് റാക്കീം, അതീഖ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സഭയെ വിധവയാണെന്ന് പറഞ്ഞ് വ്യവസായിക്ക് പരിചയപ്പെടുത്തിയത് ഖലീം തന്നെയായിരുന്നു. അടുത്ത ബന്ധം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാനാണ് സംഘം ശ്രമിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു.
വ്യവസായിയുമായി പരിചയപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സഭ അടുപ്പം സ്ഥാപിച്ചു. ശാരീരിക ബന്ധത്തിന് വ്യവസായി നിർബന്ധിച്ച് തുടങ്ങിയതോടെയാണ് ഇയാളെ കുടുക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വ്യവസായിയോട് ആര്‍ആര്‍ നഗര്‍ മേഖലയിലെ ഒരു ഹോട്ടലിലേക്ക് വരാന്‍ സ്ത്രീ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും ഹോട്ടല്‍ മുറിയില്‍ ചെന്നപ്പോഴാണ്, തങ്ങള്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അറിയാതിരിക്കാന്‍ ആറു ലക്ഷം രൂപ വേണമെന്ന് സഭ ആവശ്യപ്പെട്ടത്. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടെന്ന വിവരം വ്യവസായി അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഹോട്ടല്‍ അധികൃതരാണ് വിവരം ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചത്. കേസില്‍ പോലീസ് അനേ്വഷണം ആരംഭിച്ചു.






