
ഇന്ത്യയില്‍ ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രമാണ് അനിമല്‍. റണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ബോക്സോഫില്‍ ഗംഭീര വിജയമാണ് നേടിയത്. വിമര്‍ശനങ്ങള്‍ക്കിടയിലും ഇന്ത്യയിലുടനീളം ചിത്രം പ്രദര്‍ശനം തുടരുകയാണ്. അനിമലില്‍ റണ്‍ബീറിനൊപ്പം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച അഭിനേതാക്കിലൊരാളാണ് ബോബി ഡിയോള്‍. 'ജമാല്‍ കുഡു' എന്ന ഗാന രംഗത്തിന്റെ അകമ്പടിയോടെയാണ് ബോബി ഡിയോളിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ്. റീലുകളില്‍ എല്ലാം ഇപ്പോള്‍ ജമാന്‍ കുഡുവാണ് നിറഞ്ഞുനില്ക്കുന്നത്. ഈ ഗാന രംഗത്തിനിടയില്‍ മദ്യം നിറച്ച ഗ്ലാസ് തലയില്‍ വച്ചുകൊണ്ട് ബോബി ഡിയോള്‍ നൃത്തമാടുന്നുണ്ട്. ഈ രംഗത്തിന് മാത്രമായി ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടാകുഗം. ഇപ്പോഴിതാ ഈ രംഗം പുനരാവിഷ്കരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു നായ. ഇതിനോടകം തന്നെ നായയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കഴിഞ്ഞു.
തലയില്‍ ഗ്ലാസ് വച്ച് വളരെ ശ്രദ്ധയോടെ നടക്കുന്ന നായയെയാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ നായ നൃത്തം ചെയ്യുന്നില്ല. നായയുടെ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യം ജമാല്‍ കുഡുവിന്റെ പശ്ചാതലത്തില്‍ ആരോ പോസ്റ്റ് ചെയ്തതാണ്. @everythingaboutnepal എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഈ രസരകമായ വീഡിയോ വൈറലായത്. നിരവധി ആളുകളാണ് നായയുടെ കഴിവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.






