
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു ടാക്സി ഡ്രൈവറും യാത്രക്കാരിയും വെറും അഞ്ച് രൂപയുടെ പേരില്‍ വഴക്കുണ്ടാക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. യുവതി പറഞ്ഞ സ്ഥലത്തേക്ക് 100 രൂപയാകുമെന്ന് ഡ്രൈവര്‍ പറഞ്ഞിടത്ത് നിന്നാണ് തര്‍ക്കം തുടങ്ങുന്നത്. എന്നാല്‍ താന്‍ പോകുന്ന സ്ഥലത്തേക്ക് 95 രൂപ മാത്രമേ ആകുകയുള്ളു എന്നാണ് യാത്രക്കാരി വാദിക്കുന്നത്. സംഭാഷണം യുവതി റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ യുവതിക്കുനേരെ ശബ്ദം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.
യാത്രക്കാരിക്ക് വേണ്ട സ്ഥലത്ത് ഇറക്കുന്നതില്‍ തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് ഡ്രൈവര്‍ പറഞ്ഞുെങ്കിലും താന്‍ തെരഞ്ഞെടുത്ത ലക്ഷ്യസ്ഥാനത്ത് ഇറക്കണമെന്ന് യുവതി വാശിപിടിച്ചു. മാപ്പില്‍ യുവതി ബുക്ക് ചെയ്ത സ്ഥാനം ഡ്രൈവര്‍ വ്യക്തമാക്കിയിട്ടും യുവതി വിട്ടില്ല. കാര്‍ അധികമായി പോയാല്‍, നിങ്ങള്‍ അധിക പണം നല്‍കേണ്ടിവരുമെന്ന് ഡ്രൈവര്‍ വ്യക്തമാക്കി.
ഡ്രൈവര്‍ യുവതിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കിയെങ്കിലും രൂക്ഷമായ തര്‍ക്കം തുടര്‍ന്നു. യുവതിയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇന്ഡ്രൈവര് എന്ന കമ്പനിയുടേതാണ് ഡ്രൈവര്‍. യാത്രക്കാര്‍ക്ക് സഹിക്കേണ്ടി വന്ന ബുദ്ധിമുട്ടിന് കമ്പനി മാപ്പ് ചോദിച്ചു. ഡ്രൈവറുടെ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും നടപടിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഞങ്ങള്‍ക്ക് പരമപ്രധാനമാണെന്നും കമ്പനി പറഞ്ഞു. ഏതായാലും വീഡിയോ വൈറലായതോടെ യുവതിയെ അനുകൂലിച്ചും ഡ്രൈവറെ അനുകൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്.






