
കുടുംബപ്രേക്ഷകർക്കും സിനിമപ്രേക്ഷകർക്കും സുപരിചിതനായ താരമാണ് കൃഷ്ണകുമാർ. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷം താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന്റെ ചില തുറന്നു പറച്ചിലുകൾ മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടില്‍ പണ്ട് കാലത്ത് ആചരിച്ചിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പുകഴ്ത്തി പറയുന്നതിനിടെയാണ് തന്റെ വീട്ടില്‍ പണ്ട് പണിക്കാര്‍ക്ക് കഞ്ഞി കൊടുത്തിരുന്നത് മണ്ണില്‍ കുഴികുത്തിയായിരുന്നു എന്ന കാര്യം താരം ഓര്‍ത്തെടുക്കുന്നത്. "പണിയെടുത്ത് കുഴഞ്ഞ് വരുന്ന പണിക്കാര് ചേമ്പില വിരിച്ച മണ്ണിലെ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്ന കാഴ്ച ഓര്‍ക്കുമ്പോൾ ഇപ്പോഴും കൊതി വരും. കൊച്ചിയിലെ ഹോട്ടല്‍ മാരിയറ്റില്‍ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോള്‍ പഴയത് ഓർത്തു. വീട്ടില്‍ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാര്‍ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്..." കൃഷ്ണകുമാർ പറഞ്ഞു. കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന പരാമര്‍ശം നടത്തിയത്. ഏതായാലും വീഡിയോ വൈറൽ ആയതോടെ മണ്ണില്‍ പണിയെടുത്തിരുന്നവര്‍ക്ക് കുഴികുത്തി ഭക്ഷണം നല്‍കിയിരുന്നത് ഇപ്പോഴും വ്ലോഗിനുള്ള കണ്ടന്റ് ആക്കുന്നതിനെ പലരും വിമർശിക്കുന്നുണ്ട്.
വർണാശ്രമവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാര്‍ക്ക് മണ്ണില്‍ കുഴികുത്തി ഭക്ഷണം നല്‍കിയിരുന്ന രീതിയെയാണ് വളരെ സ്വാഭാവിക സംഭവമെന്ന മട്ടില്‍ കൃഷ്ണകുമാര്‍ അവതരിപ്പിച്ചെന്നും തൊട്ടുകൂടായ്മയേയും ജാതീയതയേയും അഭിമാനമായി കാണുകയും അതിനെ കാല്പ്പനീയവത്കരിക്കുകയും ചെയ്തതെന്നും വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പലരും രംഗത്തെത്തുന്നുണ്ട്. വളരെ മുമ്പുള്ള വീഡിയോ ആണെങ്കിലും ഇപ്പോഴത് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.






