
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമാക്കി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. നവകേരള യാത്രയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെതിരെയാണ് ഇന്ന് സെക്രട്ടേറിയറ്റ് കവാടത്തില്‍ പ്രതിഷേധമുയര്‍ന്നത്. സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടക്കാനുള്ള ശ്രമം പ്രവര്‍ത്തകര്‍ നടത്തി.
പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കിലും ലാത്തിച്ചാര്‍ജും കണ്ണീര് വാതകവും പ്രയോഗിച്ചുവെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. നൂറുകണക്കിന് വരുന്ന പ്രവര്‍ത്തകരെ നേരിടാന്‍ വളരെ കുറച്ച് പോലീസുകാര്‍ മാത്രമാണുള്ളത്. പോലീസിന്റെ ബാരിക്കേഡ് മറിച്ചിടാനും ഷീല്‍ഡ് അടിച്ചുതകര്‍ക്കാനും ശ്രമമുണ്ടായി. പോലീസിനു നേര്‍ക്ക് കല്ലും കുപ്പിയുമെറിഞ്ഞു.
മുഖ്യമന്ത്രിയോ മുഖ്യ ഗുണ്ടയോ എന്ന് എഴുതിയ ബാനര്‍ ബാരിക്കേഡില്‍ സ്ഥാപിച്ചു. ബാരിക്കേഡിനു മുകളില്‍ കയറി യൂത്ത് കോണ്‍ഗ്രസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് കന്റോണ്‍മെന്റ് ഭാഗത്തേക്ക് പ്രതിഷേധവുമായി എത്തി.
പ്രവര്‍ത്തകരെ നേരിടാന്‍ ആവശ്യത്തിന് പോലീസ് സേന സെക്രട്ടേറിയറ്റിലില്ല. നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കുന്നതിനാല്‍ പോലീസ് ഏറെയും സുരക്ഷാ ജോലിയിലാണ്. അതുകൊണ്ടുതന്നെ പ്രവര്‍ത്തകര്‍ എന്തു പ്രകോപനമുണ്ടാക്കിയാലും സംയമനം പാലിക്കുകയാണ് പോലീസ്.
നേരത്തെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എണ്ണിയെണ്ണി അടിക്കാന്‍ വന്നാല്‍ എല്ലാവരും പുറംകാണിച്ച് നില്‍ക്കില്ല. കല്യാശേരിയില്‍ നിന്ന് തന്നെ അത് തുടങ്ങും. അടിച്ചവരുടെ ലിസ്റ്റ് കയ്യിലുണ്ട്. അടിച്ചാല്‍ കൊല്ലത്ത് തിരിച്ചടി കിട്ടുമെന്ന് ഓര്‍ക്കണമെന്നും സതീശന് പറഞ്ഞു.
ഇടയ്ക്ക് പോലീസ് ലാത്തിവീശി. യൂത്ത് കോണ്‍ഗ്രസിന്റെ ഒരു ജില്ലാ പ്രസിഡന്റിന് പരിക്കേറ്റതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരായി. പ്രകോപനമുണ്ടാക്കിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി. വാഹനത്തില്‍ വച്ചും ഉന്തും തള്ളുമുണ്ടായി. ഒരു പ്രവര്ത്തകന് വാഹനത്തില്‍ വച്ച് ശാരീരിക അസ്വസ്ഥതയുണ്ടായി. പോലീസ് വാഹനത്തിന്റെ ചില്ലും പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പോലീസ് വാഹനം കടന്നുപോകാന്‍ കഴിയാതെ വന്നതോടെ പോലീസ് പല തവണ ലാത്തിച്ചാര്‍ജ് നടത്തി. എന്നാല്‍ ഓടിമാറുന്ന പ്രവര്‍ത്തകര്‍ വീണ്ടും തിരിച്ചെത്തി പ്രതിഷേധിക്കുകയാണ്. കയ്യില്‍ കിട്ടുന്ന എന്തും ഉപയോഗിച്ച് പോലീസിനെതിരെ തിരിച്ചടിക്കുകയാണ് പ്രവര്‍ത്തകര്‍. പരിക്കേറ്റ പ്രവര്‍ത്തകരെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റി.
രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും അടക്കം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ എല്ലാം പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ട്. അടുത്തകാലത്തൊന്നും കാണാത്ത വിധത്തിലുള്ള പ്രകോപനപരമായ പ്രതിഷേധമാണ് ഇന്ന് കണ്ടത്.
മറുഭാഗത്ത് വനിത പ്രവര്‍ത്തകരുടെ ഭാഗത്തും വലിയ പ്രതിഷേധം ഉണ്ടായി. ഇവരെ അറസ്റ്റു ചെയ്യാനുള്ള നീക്കം തടഞ്ഞു. പോലീസിന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്നു. വാഹനം തടഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലിനെ അടക്കം അറസ്റ്റു ചെയ്യാന്‍ നീക്കമുണ്ടായി.
മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്മാന് അടക്കമുള്ള സുരക്ഷാഗാര്‍ഡ് മാരകമായി മര്‍ദ്ദിച്ച് അവശരാക്കുന്ന കാഴ്ചയാണ് കാസര്‍ഗോഡ് മുതല്‍ പത്തനംതിട്ട വരെ കണ്ടത്. എന്നാല്‍ കൊല്ലം ജില്ലയിലേക്ക് വന്നതോടെ തിരിച്ചടി തുടങ്ങി. പ്രതിഷേധിക്കാരെ നേരിടാന്‍ വന്ന ഡിഎൈഫ്ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചോടിക്കുകയായിരുന്നു.
വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയ പോലീസുകാരെ കണ്ടിട്ടേ പോകുന്നുള്ളുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയവന്റെ ദേഹത്തുനിന്ന് ചോരവരും. പുരുഷ പോലീസാണ് പിടിച്ചത്. എസ്എഫ്ഐയിലെ വനിതാ പ്രവര്‍ത്തകരോട് ഇങ്ങനെയാണോ പോലീസ് പെരുമാറിയത്. പ്രതിപക്ഷ നേതാവ് അടക്കം മുതിര്‍ന്ന നേതാക്കള്‍ ഉടനെത്തും. ഇതിലൊരു തീരുമാനമുണ്ടായിട്ടേ പിരിഞ്ഞുപോകുവെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.
ഇതിനിടെ വനിതാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോലീസിനെതിരെ മുദ്രാവാക്യം വിളിയുമായി സെക്രട്ടേറിയറ്റ് ഗേറ്റിലേക്ക് എത്തി. 12.30 ന് പ്രസ് ക്ലബിനു മുന്നില്‍ നിന്ന് തുടങ്ങിയ പ്രകടനവും പ്രതിഷേധവും മൂന്നര കഴിഞ്ഞിട്ടും പിരിഞ്ഞുപോയില്ല.
എസ്.ഐയെ അടിച്ച ഒരു പ്രവര്‍ത്തകനെ പോലീസ് പിടിച്ചുവച്ച കെട്ടിടത്തിലേക്ക് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഇവരെ കെട്ടിടത്തിനകത്തുവച്ച് പോലീസ് മര്‍ദ്ദിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇവരെ വിട്ടുകിട്ടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വി.ഡി സതീശന് അടക്കമുള്ളവര്‍ ഇവിടേക്ക് എത്തി.






