
മുംബൈ: ഓസ്ട്രേലിയക്കെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രലിയന്‍ വനിതകള്‍ 219 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ നാലു വിക്കറ്റെടുത്ത പൂജ വസ്ട്രാക്കറും മൂന്ന് വിക്കറ്റെടുത്ത സ്നേഹ് റാണയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. 50 റണ്‍സെടുത്ത താഹില മക്ഗ്രാത്താണ് ഓസീസിന്റെ ടോപ് സ്കോറര്‍.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടിയിട്ടുണ്ട്. ഷഫാലി വർമയുടെ 40(59) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾക്ക് ഒന്നാം ഇന്നിംഗ്സിൽ 219 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിലെ ഏറ്റവും ചെറിയ സ്കോറാണിത്.
ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസ് വനിതകള്‍ക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ഫോബെ ലിച്ചിഫീല്‍ഡിനെ(0) റണ്ണൗട്ടിലൂടെ നഷ്ടമായ ഓസീസിന് രണ്ടാം ഓവറില്‍ എല്ലിസ് പെറിയുടെ(4) നിര്‍ണായക വിക്കറ്റും നഷ്ടമായി. പൂജ വസ്ട്രാക്കറുടെ ഇന്‍സ്വിംഗറില്‍ എല്ലിസ് പെറിയുടെ മിഡില്‍ സ്റ്റംപ് തെറിച്ചു. ബെത്ത് മൂണി 40(94), അലിസ ഹീലി 38(75), കിം ഗാർത്ത് 28*(71) എന്നിവരും പൊരുതി നിന്നു.


