
ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ടൊയോട്ട മോട്ടോര്‍ കമ്പനി ഒരുദശത്തോളം കാറുകള്‍ തിരിച്ചു വിളിച്ചിരിയ്ക്കുകയാണ്. 2020-നും 2022-നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. ടൊയോട്ടയില്‍ നിന്നുള്ള കാറുകള്‍ മാത്രമല്ല അവരുടെ ലക്ഷ്വറി ഡിവിഷനായ ലെക്സസില്‍ നിന്നുമുള്ള മോഡലുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. വാഹനങ്ങളിലെ എയര്‍ ബാഗുകളുടെ സംശയാസ്പദമായ തകരാര്‍ പരിശോധിക്കാനാണ് നടപടി.
അമേരിക്കന്‍ കാര്‍ വിപണിയിലെ നിരവധി ജനപ്രിയ കാര്‍ മോഡലുകള്‍ തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു. RAV4, കാംറി, അവലോണ്‍, ഹൈലാന്‍ഡര്‍, സിയന്ന, കൊറോള എന്നീ ജനപ്രിയ മോഡലുകളാണ് സര്‍വീസ് സെന്ററിലേക്ക് വിളിച്ചത്. കൂടാതെ, നിരവധി ഹൈബ്രിഡ് മോഡലുകള്‍ക്കും നിര്‍മാണ അപാകത പ്രതീക്ഷിക്കുന്നുണ്ട്. ഈ വാഹനങ്ങളുടെ മുന്‍വശത്തെ പാസഞ്ചര്‍ സീറ്റുകളിലെ സെന്‍സറുകളുമായി ബന്ധപ്പെട്ട് അപാകതകള്‍ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. തകരാറുണ്ടെങ്കില്‍ സീറ്റില്‍ ഇരിക്കുന്ന വ്യക്തിയുടെ ഭാരം നിര്‍ണയിക്കാന്‍ സെന്‍സറിന് കഴിയാതെ വരികയും അപകടകരമായ സാഹചര്യത്തില്‍ ചിലപ്പോള്‍ എയര്‍ബാഗ് വിന്യസിക്കാതിരിക്കുകയും ചെയ്യും. ഇത് അത്യന്തം അപകടകരമാണ്.
തിരിച്ചുവിളിക്കുന്ന എല്ലാ വാഹനങ്ങളുടെ ഒസിഎസ് അഥവാ ഒക്യുപന്റ് ക്ലാസിഫിക്കേഷന്‍ സിസ്റ്റം സെന്‍സറുകള്‍ പരിശോധച്ച ശേഷം എന്തെങ്കിലും തകരാര്‍ ശ്രദ്ധയില്‍ പെട്ടാല്‍ ചാര്‍ജ് ഒന്നും കൂടാതെ ഇവ മാറ്റിനല്‍കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ഫെബ്രുവരി മുതല്‍ തിരിച്ചുവിളിക്കലിന്റെ ഭാഗമായി ഉപഭോക്താക്കളുമായി ടൊയോട്ട ബന്ധപ്പെടും. ഇതിന് കൂടെ തന്നെ തങ്ങളുടെ കാറുകള്‍ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടോ എന്നറിയാന്‍ യുഎസിലെ ടൊയോട്ടയുടെയും ലെക്സസിന്റെയും ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ സെന്ററുകളുമായി ബന്ധപ്പെടാനും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.






