
വ്യത്യസ്തത ഉണർത്തുന്ന ഒട്ടനവധി വാർത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയിൽ മൃഗങ്ങളെ സംബന്ധിക്കുന്ന വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മഹാരാഷ്ട്ര പോലീസ് ഡിപാർട്മെന്റിൽ നിന്നുള്ള ഒരു ഓഫീസറാണ് രസകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പൂച്ചയെ സംബന്ധിക്കുന്ന രസകരമായ വീഡിയോയാണ് ഇത്.
വീഡിയോയിൽ കറുപ്പും വെള്ളയും നിറങ്ങൾ കലർന്ന ഒരു പൂച്ചയെയാണ് കാണാൻ സാധിക്കുന്നത്. ലോല എന്നാണ് പൂച്ചയുടെ പേര്. ഒരു കൂസലുമില്ലാതെ കക്ഷി ഇരിക്കുന്നത് സീനിയർ പോലീസ് ഇൻസ്പെക്ടറുടെ കസേരയിലാണ്. സീനിയർ ഇൻസ്പെക്ടറായ സുധീർ എസ്. കുഡാൽകരോൺ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഗതി പോലീസ് സ്റ്റേഷൻ ആണെങ്കിലും തിരക്കൊക്കെ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലമാണെങ്കിലും അതിന്റെ അലട്ടലുകളൊന്നും ഇല്ലാതെ ഒരു കസേരയിൽ വളരെ ശാന്തനായി ഉറങ്ങുകയാണ് നമ്മുടെ ലോല.
ഓഫീസിനകത്തേക്ക് കയറി വരുന്ന ഓഫീസർ പൂച്ചയ്ക്കും കസേരയ്ക്കും ഒരേ നിറമായതിനാൽ ആദ്യം ലോലയെ കാണുന്നില്ല. തുടർന്ന് പൂച്ചയെ കണ്ടപ്പോൾ അതിനെ ഉണർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ലോല അതൊന്നും കാര്യമാക്കാതെ ശാന്തമായി ഉറങ്ങുകയാണ്. എന്നാൽ, ഇത് ആദ്യമായല്ല സുധീർ എസ്. കുഡാൽകരോൺ ഇങ്ങനെ മൃഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ലോലയുടെ തന്നെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം നേരത്തെ പങ്കുവച്ചിട്ടുണ്ട്. അതുപോലെ ഷീല എന്ന നായയെ താലോലിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചതായി കാണാം.






