
തിരുവനന്തപുരം: പോലീസിന്റെ അക്രമത്തിനു മുന്നില്‍ തലകുനിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ നേതാക്കള്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്. താന്‍ സമാധാനപരമായി സംസാരിച്ച് അവസാനിപ്പിക്കാനിരിക്കേയാണ് ആക്രമണം. മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് നടപടി. പോലീസിലെ ഗുണ്ടകളാണ് ആക്രമണം നടത്തിയത്. ശക്തമായ നടപടി കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകും. ജനാധിപത്യപരമായ രീതിയില്‍ സമരം തുടരുമെന്നും അതില്‍ സംശയമില്ലെന്നും സുധാകരന് പറഞ്ഞു. സമരം ഏതുരീതിയില്‍ നടത്തണമെന്ന് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പോലീസ് നടപടി സുധാകരനെ ലക്ഷ്യം വച്ചുള്ളതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടന്നിട്ടും ഉണ്ടാകാത്ത പ്രകോപനമാണ് ഇന്ന് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. കെ.സുധാകരന്റെ സാന്നിധ്യമാണ് നേതാക്കള്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ വേദിയിലേക്ക് ജലപീരങ്കിയും കണ്ണീര്‍വാതകവും പതിച്ചത്. കണ്ണീര് വാതകം ശ്വാസിച്ച് അവശത അനുഭവപ്പെട്ട സുധാകരനെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






