
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റിനെ സസ്പെന്റ് ചെയ്ത കേന്ദ്ര കായികമന്ത്രാലയം ഒരു താല്‍ക്കാലിക പാനലിനെ രൂപീകരിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് ആവശ്യപ്പെട്ടു. അത്ലറ്റുകളുടെ സെലക്ഷന് അടക്കമുള്ള കാര്യങ്ങള്‍ നടത്താന്‍ കായികമന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് ആവശ്യപ്പെട്ടു.
മുന്‍ ഭാരവാഹികളുടെ സ്വാധീനവും നിയന്ത്രണവും മൂലം ഉടലെടുക്കുന്ന നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ഡബ്ല്യുഎഫ്ഐയുടെ ഭരണത്തെയും സമഗ്രതയെയും കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉണ്ടെന്ന് അണ്ടര്‍സെക്രട്ടറി തരുണ്‍ പരീഖ് ഒപ്പിട്ട കത്തില്‍ പറയുന്നു. മുന്‍ ഡബ്ല്യുഎഫ്ഐ മേധാവി ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേധാവിയുമായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏറ്റവും പുതിയ ഭരണത്തെ കേന്ദ്രസര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തതിനാല്‍ ഡബ്ല്യുഎഫ്ഐയിലേക്കുള്ള മറ്റൊരു റൗണ്ട് തിരഞ്ഞെടുപ്പ് ഉടന്‍ നടക്കേണ്ടതുണ്ട്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നതിനും കായിക മത്സരങ്ങള്‍ നടത്തുന്നതിനും ഉള്‍പ്പെടെ ഗുസ്തിയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ ഐഒഎ രൂപീകരിച്ച താല്‍ക്കാലിക പാനല്‍ നോക്കും. കഴിഞ്ഞദിവസം ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പിന് പിന്നാലെ ഗുസ്തിതാരം സാക്ഷി മല്ലിക്ക് ഗുസ്തിയില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎഫ്ഐ പാനലിനോട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം ഉത്തരവിട്ടത്.
വരാനിരിക്കുന്ന ജൂനിയര്‍ ദേശീയ മത്സരങ്ങളെക്കുറിച്ച് എയ്സ് ഗുസ്തി താരം സാക്ഷി മാലിക് ഇന്നലെ ആശങ്ക ഉന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഇവര്‍ സമരം അവസാനിപ്പിച്ചത്. ബ്രിജ് ഭൂഷണെതിരെയും അന്വേഷണം ആരംഭിച്ചു. അടുത്തിടെ നടന്ന ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച ഗുസ്തിക്കാരുടെ പിന്തുണയുള്ള കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെതിരെ സഞ്ജയ് സിംഗ് മികച്ച വിജയം നേടിയിരുന്നു. ബ്രിജ് ഭൂഷന്റെ അടുത്ത സഹായികളെയും ബന്ധുക്കളെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും സഞ്ജയ് സിങ്ങിന്റെ നാമനിര്‍ദ്ദേശം ക്ലിയര്‍ ചെയ്തു.






