
ചെന്നൈ : തമിഴ്നാടിനെ കണ്ണിരിലാഴ്ത്തി കടന്നുപോയ വിജയകാന്തിന് തമിഴ് സൂപ്പര്‍താരം രജനീകാന്ത് അന്തിമോപചാരം അര്‍പ്പിച്ചു. ഐലന്‍ഡ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴായിരുന്നു രജനീകാന്ത് പ്രിയ സുഹൃത്തിന് അവസാനമായി വിട ചൊല്ലാന്‍ എത്തിയത്. കന്യകുമാരിയില്‍ പുതിയ സിനിമയുടെ ചിത്രീകരണ ലൊക്കേഷനില്‍ നിന്നുമായിരുന്നു രജനീകാന്ത് എത്തിയത്.
''ഞാന്‍ കന്യാകുമാരിയില്‍ ചിത്രീകരണം നടത്തുകയായിരുന്നു. ഇന്നലെ വരേണ്ടതായിരുന്നു. അത് വളരെ കഠിനമായിരുന്നു. വിജയകാന്തിനെ കുറിച്ച് ഒരുപാട് പറയാനുണ്ട്. സൗഹൃദത്തിന്റെ പ്രതിരൂപമായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഒരാള്‍ അവനുമായി ചങ്ങാത്തത്തിലായാല്‍, അവര്‍ക്ക് ഒരിക്കലും അവനെ മറക്കാന്‍ കഴിയില്ല.'' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പറഞ്ഞു.
''അദ്ദേഹം പലപ്പോഴും സുഹൃത്തുക്കളോടും രാഷ്ട്രീയക്കാരോടും മാധ്യമങ്ങളോടും ദേഷ്യപ്പെട്ടിരുന്നു, പക്ഷേ ഒരിക്കലും ആരും അദ്ദേഹത്തോട് ദേഷ്യപ്പെട്ടിരുന്നില്ല. വിജയകാന്തിന്റെ ദേഷ്യത്തിന് പിന്നില്‍ എപ്പോഴും ഒരു കാരണമുണ്ടായിരുന്നു. വിജയകാന്തുമായി അടുത്തുകഴിഞ്ഞാല്‍, എല്ലാവരും അദ്ദേഹത്തിന്റെ സ്നേഹത്തില്‍ അര്‍പ്പിതമാകുന്നു. ധീരതയുടെയും പ്രതീകമായിരുന്നു അദ്ദേഹം. 'ക്യാപ്റ്റന്‍' എന്നത് വിജയകാന്തിന് അനുയോജ്യമായ പേരാണ്.'' രജനി പറഞ്ഞു.
രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കാലത്തെ ഓര്‍മ്മകളും രജനി പങ്കുവെച്ചു. ''ഒരിക്കല്‍ രാമചന്ദ്ര ഹോസ്പിറ്റലില്‍ സുഖമില്ലാതെയും അബോധാവസ്ഥയിലായപ്പോള്‍ പലരും വന്ന് എന്നെ ശല്യപ്പെടുത്തി. എന്നാല്‍ അവിടേയക്ക്് വിജയകാന്ത് എത്തി. അഞ്ച് മിനിറ്റിനുള്ളില്‍ ശല്യം ചെയ്യുന്നവരെയെല്ലാം പറഞ്ഞയച്ചു. എന്റെ തൊട്ടടുത്ത് ഒരു മുറിയെടുത്തു താമസിച്ചു. അത് ഒരിക്കലും മറക്കാന്‍ കഴിയില്ല.
ഞങ്ങള്‍ ഒരിക്കല്‍ ഒരു അഭിനേതാക്കളുടെ സംഘടനയുടെ പരിപാടിക്ക് സിംഗപ്പൂരിലും മലേഷ്യയിലും പോയി. എല്ലാവരും മലേഷ്യയില്‍ ബസില്‍ കയറി. ആരാധകര്‍ ചുറ്റും കൂടി. ഇത് കണ്ട വിജയകാന്ത് ഉടന്‍ വന്നു. 2 മിനിറ്റിനുള്ളില്‍ എല്ലാവരെയും പിരിച്ചുവിട്ടു. ഒരു പുഷ്പം പോലെ എന്നെ യാത്രയാക്കി. ഇങ്ങനെയുള്ള ഒരാളെ ഈ അവസ്ഥയില്‍ കാണാന്‍ പ്രയാസമാണ്. ആറടി 4 ഇഞ്ച് ഉയരത്തില്‍, 71-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. ദശലക്ഷക്കണക്കിന് ആള്ക്കാര് ജീവിച്ചു. അനേകര്‍ കടന്നുപോയി. എന്നാല്‍ ജനഹൃദയങ്ങളില്‍ ആരാണ് നിലനില്‍ക്കുന്നത്? വിജയകാന്ത് അങ്ങിനെ നിന്നയാളാണ്.'' രജനീകാന്ത് പറഞ്ഞു.






