
ന്യുഡല്‍ഹി: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫീസ് സെയ്ദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിക്കാതെ പാകിസ്താന്. രാജ്യാന്തര ഭീകര പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുറ്റവാളിയാണെങ്കിലും ഇന്ത്യയ്ക്ക് കൈമാറുന്നതിനോട് പാകിസ്താന് താല്പര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. മുംബൈ ആക്രമണത്തിനു പുറമേ രാജ്യത്ത് നടന്ന പല ഭീകരാക്രമണങ്ങള്‍ക്കു പിന്നിലും ഹാഫീസ് സെയ്ദിന്റെ പങ്ക് വ്യക്തമാണെന്ന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി വ്യക്തമാക്കി.
‘മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ഹാഫീസ് സെയ്ദ് ആണെന്ന് എല്ലാവര്ക്കും അറിയാം. ഇന്ത്യയില്‍ നടന്ന നിരവധി സംഭവങ്ങള്‍ക്കു പിന്നിലും ഹാഫീസ് സെയ്ദിനു പങ്കുണ്ട്. ഇന്ത്യ തുടക്കം മുതല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതാണ്. അയാളെ രാജ്യാന്തര ഭീകര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പാകിസ്താന് അതിനോട് ഒരു തരത്തിലും പ്രതികരിക്കുന്നില്ലെന്നും’ മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ വിചാരണ നേരിടേണ്ട കേസില്‍ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടിട്ടും പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമില്ലെന്നും കേന്ദ്രമന്ത്രി പറയുന്നു. ഹാഫീസ് സെയ്ദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പാകിസ്താന് മര്‍കസി മുസ്ലീം ലീഗ് പാര്‍ട്ടി 2024 ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനിരിക്കേയാണ് ഇന്ത്യയുടെ ആവശ്യം പാകിസ്താന് തള്ളുന്നത്. സെയ്ദിന്റെ മകന് തലഹ സയീദ് ദേശീയ അസംബ്ലിയിലേക്ക് മത്സരിക്കുന്നുമുണ്ട്.






