
54 പവന് സ്വര്‍ണ്ണാഭരണങ്ങളും ആറ് കിലോ വെള്ളി ആഭരണങ്ങളും കന്യാകുമാരി മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ നിന്ന് മോഷണം നടത്തിയ കേസില്‍ മൂന്നു പേര് പിടിയില്‍. ജ്വല്ലറി ജീവനക്കാരായ അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മനേജര്‍ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്ന സംശയത്തെ തുടര്‍ന്ന് 50ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ ജീവനക്കാര്‍ അറിയാതെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസിലാക്കിയത്. തുടര്‍ന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന അനീഷ് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റിയത് വ്യക്തമായത്. തുടര്‍ന്ന് സ്ഥാപന ഉടമയെ മനോജര് വിവരമറിയിച്ചതിനെ തുടര്‍ന്ന് അനീഷ് അടുത്തിടെ വിലകൂടിയ ഇരുചക്ര വാഹനം വാങ്ങിയതായും ആഡംബര വീട് നിര്‍മ്മിച്ചതായും കണ്ടെത്തി. തുടര്‍ന്ന് ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പിന്നീടുളള ചോദ്യം ചെയ്യലിലാണ് സ്ഥാപനത്തിലെ രണ്ടു സ്ത്രീ ജീവനക്കാരുടെ സഹായത്തോടെയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്ന് തെളിഞ്ഞത്. ശാലിനി, അബിഷ എന്നിവരാണ് അനീഷിനെ സഹായിച്ചത്.






