
നടന് ബാലയും ഗായിക അമൃതയും കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പ്രണയിച്ചു വിവാഹം കഴിച്ച ഇവര്‍ ഒരു മകള്‍ ജനിച്ച് കുറച്ചു നാളുകള്‍ക്ക് ശേഷം വേര്‍പിരിഞ്ഞു. അതിനു ശേഷം രണ്ടുപേരും ജീവിതത്തില്‍ പുതിയ പങ്കാളികളെ കണ്ടെത്തി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഒരു വാര്‍ത്താസമ്മേളനത്തിനിടെ താനും അമൃതയും പിരിയാനുണ്ടായ കാരണങ്ങള്‍ ബാല വ്യക്തമാക്കിയിരുന്നു. വേര്‍പിരിഞ്ഞ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അമൃതയുടെ സ്വഭാവം മോശമാണെന്ന തരത്തിലാണ് ബാല സംസാരിച്ചത്. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും ഒരു ഭര്‍ത്താവെന്ന നിലയില്‍ തകര്‍ന്നു പോയെന്നും തനിക്ക് ഒരു മകളായതു കൊണ്ടാണ് കൂടുതല്‍ തുറന്നു സംസാരിക്കാത്തതെന്നും ബാല തുറന്നടിച്ചു. ഇതിനെതിരെ ഇതുവരെ അമൃതയൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ മകളെ കാണിക്കാത്തതിനെക്കുറിച്ച് ബാല പറഞ്ഞതിനെക്കുറിച്ച് അമൃത പ്രതികരിച്ചിരിക്കുകയാണ്.
മകളെ കാണിക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്നും തനിക്കെതിരെ വ്യാജ പോക്സോ കേസ് നല്കിയെന്നുമുള്ള ബാലയുടെ ആരോപണങ്ങളോടാണ് അമൃത അഭിഭാഷകനോര്‍ക്കൊപ്പം വീഡിയോയിലൂടെ മറുപടി നല്‍കിയത്. ‘‘വിവാഹ മോചനത്തിന്റെ സമയത്ത് സമ്മതിച്ചിരുന്ന നിബന്ധനകളെല്ലാം ലംഘിച്ചു. പോക്സോ കേസ് നല്‍കിയിട്ടില്ല... പോക്സോ കേസ് എടുത്തിട്ടുണ്ടെങ്കില്‍ പൊലീസ് റിമാൻഡ് ചെയ്യേണ്ടതാണ്. അത് സംഭവിച്ചില്ല.... മകളെ കാണാൻ കോടതി അവസരമുണ്ടാക്കി കൊടുത്തപ്പോള്‍പോലും ബാല അതിനു മുതിര്‍ന്നിട്ടില്ല. മകളെ കാണണം എന്ന് സമൂഹത്തിനു മുൻപില് പറയുന്നതല്ലാതെ ഇതുവരെ മകളെ കാണാൻ മുൻകൈയെടുത്തിട്ടില്ല, ആവശ്യം ഉന്നയിക്കുക പോലും ചെയ്തിട്ടില്ല.... ഇനിയും കരാറില്‍ പറയുന്നവ ലംഘിക്കാൻ ബാല മുതിര്‍ന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാൻ അഭിഭാഷകര്‍ക്ക് അധികാരമുണ്ട്....’’ അമൃത വീഡിയോയിലൂടെ പറഞ്ഞു. ‘മൈ സൈഡ് ഓഫ് ട്രൂത്ത്...’ എന്ന ക്യാപ്ഷനും നല്കി ഇന്‍സ്റ്റഗ്രാം പേജിലൂടെ അമൃതയിത് പങ്കിട്ടിട്ടുണ്ട്.
‘‘രണ്ട് പേരും പരസ്പര ധാരണയോടെയാണ് വിവാഹ മോചനം നടത്തിയത്. യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതായി ഒന്നും ചെയ്യില്ലെന്നായിരുന്നു കരാര്‍. എന്നാല്‍ ഇത് ലംഘിച്ചു കൊണ്ടാണ് ബാല ഇത്രയും വര്‍ഷമായി സോഷ്യല്‍ മീഡിയയിലൂടെ പല ആരോപണങ്ങളും അമൃതയ്ക്കെതിരെ നടത്തുന്നത്. 25 ലക്ഷം രൂപയാണ് അമൃതയ്ക്ക് കോമ്പന്‍സേഷന്‍ നല്‍കിയത്. കുട്ടിയെ വളര്‍ത്താനോ പഠനത്തിനോ വിവാഹത്തിനോ പണം നല്‍കില്ല എന്ന് ബാല ഡോക്യുമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്...’’ അഭിഭാഷകര്‍ പറഞ്ഞു. കുട്ടിയുടെ ഒരേ ഒരു രക്ഷിതാവായി അമൃതയെ നിയമിക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല എന്ന് ബാല സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.






