
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ആദ്യകാല പാശ്ചാത്യ ഹാന്‍ രാജവംശത്തിന്റെ (ബിസി 202 - എഡി 25) ശവകുടീരം കണ്ടെത്തി ചൈനയിലെ പുരാവസ്തു ഗവേഷകര്‍. 2200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരമാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിന്റെ നിര്‍മ്മാണം നടത്തിയത് 193 ബിസിയില്‍ ആണെന്ന് ശവകുടീരത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതായും പുരാവസ്തു ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിനിടെയാണ് ഈ സ്ഥലം കണ്ടെത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ശവകുടീരത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഇതിനുള്ളില്‍ നിന്നും കണ്ടെത്തിയ ശവസംസ്കാരവസ്തുക്കളും മരത്തിന്റെ ശവപ്പെട്ടികള്‍ക്കും തകരാറുകള്‍ ഒന്നും സംഭവിക്കാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശവകുടീരം വെള്ളത്തിനടിയില്‍ ആയിരുന്നതുകൊണ്ടാവാം കാര്യമായ കേടുപാടുകള്‍ ഇവയ്ക്ക് സംഭവിക്കാത്തത് എന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തല്‍. ഖനനത്തില്‍ ശാസ്ത്രജ്ഞര്‍ 600 പുരാവസ്തുക്കള്‍ കണ്ടെത്തി. അതില്‍ ലാക്വര്‍, മരം, മുള, വെങ്കലം, മണ്ണ് എന്നിവയില്‍ നിര്‍മ്മിച്ച വിവിധ വസ്തുക്കള്‍ ഉള്‍പ്പെടുന്നു.
ഉത്ഖനന പദ്ധതിക്ക് നേതൃത്വം നല്കിയ ഹുവാങ് വെയ് പറയുന്നത് അനുസരിച്ച് ഈ കണ്ടെത്തലില്‍ ഏറ്റവും അധികം ആവേശം ഉണര്‍ത്തുന്നത് വലിയ തോതിലുള്ള പുരാവസ്തുക്കള്‍ മാത്രമല്ല, ശ്മശാനത്തിന്റെ കൃത്യമായ രേഖയെ സൂചിപ്പിക്കുന്ന ശ്മശാന വസ്തുക്കളുടെ ഒരു ലിസ്റ്റ് കൂടിയുണ്ട് എന്നതാണ്. ശവകുടീരത്തിലെ 193 ബിസി എന്ന രേഖപ്പെടുത്തല്‍ കണ്ടെത്തലുകള്‍ക്ക് കൂടുതല്‍ വ്യക്തത നല്കുന്നു. പാശ്ചാത്യ ഹാന്‍ കാലഘട്ടത്തിലെ ശ്മശാന ചടങ്ങുകളെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ പുരാവസ്തുക്കള്‍ ഉപയോഗിക്കും. ഒപ്പം ആ കാലഘട്ടത്തിലെ കൂടുതല്‍ പ്രശസ്തമായ പുരാവസ്തുക്കളുമായി താരതമ്യ വിശകലനത്തിനായി അവ പ്രയോജനപ്പെടുത്തുകയും ചെയ്യും.






