ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് ഓപ്പറേഷന് അമൃത് എന്ന പേരില്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇത് നടപ്പിലാക്കുന്നത് പൊതുജന പങ്കാളിത്തോടെയായിരിക്കും. ഏതെങ്കിലും ഫാര്‍മസികള്‍ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാം.
ഡ്രഗ്സ് കണ്ട്രോളര് നിയോഗിക്കുന്ന പ്രത്യേക സ്ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ഫാര്‍മസികള്‍ സൂക്ഷിക്കേണ്ടതാണ്. സ്ഥാപനത്തില്‍ 'ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതല്ല' എന്ന പോസ്റ്റര്‍ സ്ഥാപിക്കേണ്ടതുണ്ട്. കുറിപ്പടിയില്ലാതെ മരുന്ന് നല്കുന്ന ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കുമെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള കഠിന പ്രയത്നത്തിലാണ് ആരോഗ്യ വകുപ്പ്.






