
കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും ആളുകള്‍ക്ക അല്പം വിചിത്രമായി തോന്നാം. സമാനമായ ഒരു കണ്ടെത്തലാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. എന്താണന്നല്ലേ? പകുതി ആണും, പകുതി പെണ്ണുമായി ഒരു അപൂര്‍വ്വ പക്ഷിയെ കണ്ടെത്തിരിയിക്കുകയാണ് അങ്ങ് കൊളംബയയില്‍. കൊളംബിയയിലെ മനിസാലെസിന് സമീപത്തുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ ഫാമിലാണ് ഈ അപൂര്‍വ്വ ആണ്-പെണ് ശരീരമുള്ള ഗ്രീന്‍ ഹണിക്രീപ്പര്‍ പക്ഷിയെ കണ്ടതെന്നാണ് ഗവേഷകരുടെ വെളിപ്പെടുത്തല്‍.
പക്ഷിയുടെ തൂവലുകളിലുള്ള വ്യത്യാസമാണ് ഗവേഷകരെ ആകര്‍ഷിക്കാന്‍ കാരണം. പകുതി നീലയും പകുതി മഞ്ഞയും പച്ചയും നിറത്തിലുള്ള തൂവലുകളാണ് ഈ പക്ഷിക്ക് ഉള്ളത്. ഇത് കൃത്യം നടുവില്‍ നിന്നാണ് വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. ആദ്യം ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് തൂവലുകളിലെ ഈ വ്യത്യാസം തന്നെ. സാധാരണായായി ആണ്‍പക്ഷികള്‍ക്ക് തിളങ്ങുന്ന നീല തൂവലുകളും പെണ്‍പക്ഷികള്‍ക്ക് പച്ച നിറത്തിലുള്ള തൂവലുകളുമാണ് ഉണ്ടാവാറ് എന്നാണ് ഗവേഷകള്‍ പറയുന്നത്.
എന്നാല്‍, ഈ കണ്ടെത്തിയ പക്ഷിക്ക് ഒരു ഭാഗത്ത് ആണ്‍പക്ഷികള്‍ക്ക് ഉണ്ടാവുന്ന തൂവലും മറുഭാഗത്ത് പെണ്‍പക്ഷികള്‍ക്ക് ഉണ്ടാവാറുള്ള തൂവലുമാണ് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ അതിന്റെ പകുതിയില്‍ ആണ് പ്രത്യുത്പാദന അവയവങ്ങളും മറുഭാഗത്ത് പെണ് പ്രത്യുത്പാദന അവയവങ്ങളും ആയിരിക്കും എന്ന് ഗവേഷകര്‍ക്ക് തോന്നിയിരുന്നു. എന്നാല്‍, അത് കാഴ്ചയിലൂടെ മാത്രം ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നും ഗവേഷകര്‍ പറയുന്നു.
അങ്ങനെ 21 മാസക്കാലം ഗവേഷകര്‍ ഈ പക്ഷിയെ നിരീക്ഷിച്ചു. ഫാമിന്റെ ഉടമകള്‍ വയ്ക്കുന്ന പഴങ്ങളും പഞ്ചസാര ലായനിയും കഴിക്കാനായി പക്ഷി ദിവസവും എത്തിയിരുന്നു. അങ്ങനെയാണ് പക്ഷിയെ പഠിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചത്. അങ്ങനെ, ഈ പക്ഷി പകുതി ആണും പകുതി പെണ്ണുമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. പക്ഷികളിലോ മൃഗങ്ങളിലോ വളരെ വളരെ അപൂര്‍വമായിട്ടാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. ഈ പക്ഷിയെ അതിന്റെ കൂട്ടത്തില്‍ പെട്ട മറ്റ് പക്ഷികള്‍ കൂടെക്കൂട്ടുന്നില്ല എന്നും, ഈ പക്ഷി മറ്റ് പക്ഷികളുടെ കൂടെ പോകാന്‍ താല്പര്യം കാണിക്കുന്നില്ല എന്നും ഗവേഷകര്‍ പറയുന്നു.






