
കൊടും ശത്യത്തെത്തുടര്ന്ന് വഴിയില്‍ കുടുങ്ങിക്കിടന്നത് 1000 വാഹനങ്ങള്‍. സ്വീഡനിലാണ് വിചിത്ര സംഭവം. ഏകദേശം 24 മണിക്കൂറിലധികമായി തുടര്‍ന്ന കനത്ത മഞ്ഞുവീഴ്ചയിലാണ് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് നൂറ്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. തെക്കന്‍ സ്വീഡനിലെ സ്കെയ്ന്‍ ഏരിയയിലെ പ്രധാന റോഡായ E22 -വിലാണ് വാഹനങ്ങള്‍ കുടുങ്ങിയത്. തുടര്‍ന്ന് രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തീവ്ര പരിശ്രമത്തിനൊടുവിലാണ് കുടുങ്ങിയ ആളുകളെ ഒഴിപ്പിച്ചത്.
സ്വീഡന്, ഫിന്‍ലാന്‍ഡ്, നോര്‍വേ എന്നിവയുടെ ചില ഭാഗങ്ങളിലെല്ലാം തന്നെ കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും കൊടും ശൈത്യത്തിനാണ് ചൊവ്വാഴ്ച സ്വീഡന് സാക്ഷ്യം വഹിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. -43.6C ആയിരുന്നു അന്ന് താപനില. വ്യാഴാഴ്ച രാവിലെ ആകുമ്പോഴേക്കും കാറുകളിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചിരുന്നു. ലോറിയില്‍ ഉണ്ടായിരുന്നവര്‍ മാത്രമാണ് വാഹനങ്ങളില്‍ തുടര്‍ന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മഞ്ഞ് കോരിമാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ എത്തിയത്. പോലീസും രക്ഷാപ്രവര്‍ത്തകരും രാത്രി മൊത്തം ജോലി ചെയ്തിട്ടാണ് ആളുകളെ ഒഴിപ്പിച്ചത്.
നൂറുകണക്കിനാളുകളാണ് കാറുകളില്‍ വഴിയില്‍ കുടുങ്ങിയത്. അതില്‍ തന്നെ രക്തസമ്മര്‍ദ്ദവും പ്രമേഹവും അടക്കം വിവിധ അവസ്ഥകള്‍ ഉള്ളവരും ഉണ്ടായിരുന്നു. കുട്ടികളടക്കം 19 മണിക്കൂര്‍ വരെ കഴിഞ്ഞ് രക്ഷപ്പെടുത്തിയവരും ഉണ്ട്. കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തകരുടെ സംഘം വെള്ളവും ഭക്ഷണവും എത്തിച്ച് നല്‍കിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോഡില്‍ മൊത്തം മഞ്ഞായിരുന്നു എന്നതിനാല്‍ തന്നെ പല വാഹനങ്ങള്‍ക്കും ഒരടി പോലും മുന്നോട്ട് നീങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നെത്തിയ രക്ഷാപ്രവര്‍ത്തകരുടെ സംഘമാണ് ആളുകള്‍ക്ക് രക്ഷയായത്.






