
കാലം പുരോഗതി പ്രാപിച്ചതോടെ ജീവിതച്ചിലവും വലിയ തോതില്‍ വര്‍ധിച്ചു. മാതാപിതാക്കളെ സംബന്ധിച്ച് കുട്ടികളെ വളര്‍ത്തുന്നതുപോലും ഒരു ഭാരിച്ച ഉത്തരവാദിത്വവും ബുദ്ധിമുട്ടുമായിട്ടാണ് കരുതുന്നത്. അവിടെയും ഇത്തരം ആശങ്കകളുടെ പ്രധാനകാരണമായി പറയപ്പെടുന്നത് വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവും വിലക്കയറ്റവുമൊക്കെയാണ്. എന്നാല്‍ ജനസംഖ്യാ വര്‍ദ്ധനവിലുണ്ടായ ഈ വലിയ വിടവ് നികത്താനുള്ള ശ്രമത്തിലാണ് ചില രാജ്യങ്ങള്‍. റഷ്യയും ഉത്തര കൊറിയയും തങ്ങളുടെ രാജ്യത്തെ സ്ത്രീകളോട് എട്ടും പത്തും കുട്ടികളെ പ്രസവിക്കാനാണ് പ്രോത്സാഹിപ്പിക്കുന്നത്. അതേസമയം മക്കളെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും മാതാപിതാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വേറിട്ട ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാന്.
മക്കളെ വളര്‍ത്തേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കാന്‍ ഒരു പ്രത്യേക കമ്മിറ്റി തന്നെ ഇന്ന് ഈ നഗരത്തിലുണ്ട്. ജപ്പാനിലെ നാഗി നഗരത്തിലാണ് നിശ്ചിത തുക വാങ്ങി കുട്ടികളെ എങ്ങനെ വളര്‍ത്താമെന്ന് മാതാപിതാക്കളെ പഠിക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 6,000-ത്തില്‍ താഴെ ആളുകളുള്ള ഒരു പട്ടണമാണ് നാഗി. ഒരു കുട്ടിയുള്ള മാതാപിതാക്കള്‍ക്ക് 34,940 രൂപയും രണ്ട് കുട്ടികള്‍ക്ക് 17,470 രൂപയുമാണ് പേരന്റിംഗ് ടിപ്സ് പഠിക്കാനുള്ള പഠന ചെലവ്. ഇനി രക്ഷിതാക്കള്‍ക്ക് ഇതില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ പരിശീലനത്തിന് ഫീസ് വേണ്ട. ആരെങ്കിലും തങ്ങളുടെ കുട്ടികളെ ഇവിടുത്തെ ഡേകെയര്‍ സൗകര്യങ്ങളില്‍ ചേര്‍ത്താല്‍, അവര്‍ക്ക് പ്രതിവര്‍ഷം 80,000 - 1.5,00,000 രൂപ വരെ സ്കോളര്‍ഷിപ്പും ലഭിക്കും. കുട്ടികള്‍ക്ക് സൗജന്യതാമസ സൗകര്യവും മെഡിക്കല്‍ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് നഗരത്തില്‍ ഈ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പേരന്റിംഗ് ടിപ്സ് തേടി നിരവധി മാതാപിതാക്കളാണ് ഇവിടേക്ക് എത്തുന്നത്. ഈ നടപടികള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ, ജപ്പാനിലെ ആകെ ജനനനിരക്കില്‍ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും നാഗിയിലെ ജനന നിരക്ക് പതുക്കെ വര്‍ദ്ധിക്കുകയാണ്. കുട്ടികളുടെ സംരക്ഷണത്തിനായി നാഗിയില്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ പരിപാലിക്കുന്നതിനുള്ള ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഈ കമ്മിറ്റി നല്കുന്നു.
അഞ്ച് വര്‍ഷം മുമ്പ് വരെ, നാഗിയിലെ ജനനനിരക്ക് വളരെ താഴെയായിരുന്നു. തുടര്‍ന്ന്, ഈ സാഹചര്യത്തെ മറികടക്കുന്നതിനായി നഗര ഭരണസമിതി ചില നടപടികള്‍ക്ക് തുടക്കമിട്ടു. രക്ഷാകര്‍തൃത്വം സ്വീകരിച്ചതിന് മാതാപിതാക്കള്‍ക്ക് പണം സമ്മാനമായി നല്‍കുന്നതായിരുന്നു പ്രധാന പദ്ധതി. അത്തരത്തില്‍ ഒരു കുട്ടിയുള്ള ദമ്പതികള്‍ക്ക് 60,000 രൂപ ലഭിക്കും. കുട്ടികളുടെ എണ്ണം 5 ആയി വര്‍ധിച്ചാല്‍ സമ്മാനത്തുക 25,00,000 രൂപയായി ഉയരും. ഈ നടപടികള്‍ വലിയ തോതില്‍ ഫലം കണ്ടു, നാഗിയുടെ ജനസംഖ്യ അന്ന് മുതല്‍ ഉയരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.






