
കെഎസ്ഐഡിസി കൂടി കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലേക്ക് വന്നത് സർക്കാരിനെയും സിപിഎമ്മിനെയും കൂടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. കെഎസ്ഐഡിസി രജിസ്റ്റാർ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണത്തിലെ ചോദ്യങ്ങൾക്ക് മറുപടി പോലും നൽകിയില്ലെന്ന കണ്ടെത്തൽ സർക്കാറിന് കുരുക്കാണ്. സിപിഎം നേതാക്കളും മന്ത്രിമാരും വിശദാന്വേഷണത്തിനുള്ള കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ഉത്തരവിനോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
രണ്ട് കമ്പനികൾ തമ്മില്‍ മാസപ്പടി വിവാദം കത്തിനിൽക്കെ സുതാര്യമായ കരാറെന്ന് പറഞ്ഞുള്ള വാർത്താകുറിപ്പിലൂടെയാണ് ഓഗസ്റ്റ് പത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സിഎംആർഎൽ-എക്സാ ലോജിക് ഇടപാടിന് ക്ലീൻ ചിറ്റ് നൽകിയത്. നേതാക്കളുടെ ഇടപാടിൽ സർക്കാറിനും പാർട്ടിക്കും ബന്ധമില്ലെന്ന ആവർത്തിച്ചുള്ള ന്യായീകരണങ്ങൾ എല്ലാം പൊളിക്കുന്നു കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൻറെ അന്വേഷണ ഉത്തരവ്. വ്യവസായ വകുപ്പിന് കീഴിലെ കെഎസ്ഐഡിസിക്ക് സിഎംആർഎല്ലിൽ 14 ശതമാനം ഓഹരിയാണുളളത്. എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ രജിസ്ട്രാർ ഓഫ് കമ്പനീസിൻറെ പ്രാഥമിക അന്വേഷണത്തിൽ കെഎസ്ഐഡിസി മറുപടി പോലും നൽകാത്തതാണ് ദുരൂഹം. എല്ലാം സുതാര്യമെങ്കിൽ അത് തെളിയിക്കാൻ സർക്കാറിന് മുന്നിലെ അവസരമായിരുന്നു കെഎസ്ഐഡിസിയോടുള്ള ചോദ്യം.
മുഖ്യമന്ത്രിയുടെ വീണയുടെ കമ്പനിയുടെ ഇടപാട് സുതാര്യമാണെന്ന പ്രതിരോധവും തള്ളുന്നതാണ് പുതിയ അന്വേഷണ ഉത്തരവ്, എക്സാലോജികിൻറെ ഭാഗം കേട്ടില്ലെന്ന വാദം ഇനി നിലനിൽക്കില്ല.






