
ഈജിപ്തിലെ മമ്മികളെ കുറിച്ച് അറിയാത്തവരായി അധികമാരും കാണില്ല. മമ്മി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭൂരിഭാഗം ആളുകള്‍ക്കും കൂറ്റന്‍ പിരമിഡുകളും അവയ്ക്കുള്ളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ട ഉണങ്ങി എല്ലും തോലുമായി തിരിച്ചറിയാന്‍ പോലും പറ്റാത്ത ഒരു മൃതദേഹവുമായിരിക്കും ഓര്മ വരിക. കാരണം മമ്മികളെ കുറിച്ച് നമ്മള് കേട്ടിട്ടുള്ളതെല്ലാം ഈജിപ്തില്‍ നിന്നാണെന്നത് തന്നെ കാരണം. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2000 വര്‍ഷം മുമ്പ് ജീവിച്ച് മരിച്ച് പോയ ഒരു ചൈനീസ് സ്ത്രീയുടെ മമ്മിയാണ് ഇന്നും ഏറ്റവും സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടപ്പെട്ടിട്ടുള്ള മമ്മി.
'ലേഡി ഡായ്' (Lady Dai) എന്നും മാര്‍ക്വിസ് ഓഫ് ഡായ് ( Marquise of Dai) എന്നും അറിയപ്പെടുന്ന ഹാന്‍ രാജവംശത്തിലെ ഒരു സ്ത്രീയായ സിന് ഷുയിയുടെ (Xin Zhui - ബിസി 217 - ബിസി 168 ) മമ്മിയാണ് ഇന്നും ഏതാണ്ട് 85 ശതമാനത്തോളം സംരക്ഷിക്കപ്പെട്ടിരിക്കുന്ന മമ്മി. ലേഡി ഡായ്യുടെ മുടിക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. തൊലി അല്പസ്വല്പം നശിച്ചതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ഈ മമ്മിക്കില്ല. ഇന്നും ഈ മമ്മിയുടെ കൈകളും കാലുകളും അതിന്റെ സന്ധികളില്‍ നിന്ന് സാധാരണ മനുഷ്യരുടേത് പോലെ വളയ്ക്കാനും തിരിക്കാനും പറ്റുമെന്നാണ് പുറത്തുവരുന്ന വിവരം. ചരിത്രത്തിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട മനുഷ്യ മമ്മിയായി ലേഡി ഡായ്യുടെ മമ്മി ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടു.
എന്നാല്‍ അതേസമയം ഈ മമ്മി പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം 2000 വര്‍ഷം മുമ്പ് അവര്‍ മരിക്കുമ്പോള്‍ പിത്തസഞ്ചി, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കരള്‍ രോഗം എന്നീ രോഗങ്ങള്‍ പിടിപെട്ടിരുന്നതായും കണ്ടെത്തി. പുരാതന ചൈനയിലെ പടിഞ്ഞാറന്‍ ഹാന്‍ രാജവംശത്തിന്റെ കാലത്ത് ഡായിലെ മാര്‍ക്വിസും ചാങ്ഷാ രാജ്യത്തിന്റെ ചാന്‍സലറുമായിരുന്ന ലി കാങ്ങിന്റെ ഭാര്യയായിരുന്നു സിന് ഷുയി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1971 ല്‍ ചൈനയിലെ ഹുനാനിലെ ചാങ്ഷയിലെ മാവാങ്ഡുയിയിലെ ശവകുടീരത്തില്‍ നിന്നാണ് ഈ മമ്മി കണ്ടെത്തുന്നത്. ശവകുടീരത്തില്‍ നിന്ന് ഏതാണ്ട് 1400 ഓളം കരകൌശല വസ്തുക്കളും കണ്ടെത്തി. ഇന്ന് ഈ മമ്മി ഹുനാന്‍ മ്യൂസിയത്തിന്റെ സംരക്ഷണത്തിലാണുള്ളത്.






