
തൃശൂര്‍: മലയാളത്തിന്റെ ആദ്യത്തെ ടെക്നോ മ്യുസിഷ്യന്‍... കെ.ജെ. ജോയ് എന്ന സംഗീത സംവിധായകനു മലയാള ചലച്ചിത്ര പിന്നണിഗാനരംഗം ചാര്‍ത്തിനല്‍കിയ വിശേഷണമാണിത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവാക്കളെ ആവേശഭരിതരാക്കിയ ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭയില്‍ പിറന്നു.
എന്‍ സ്വരം പൂവിടും ഗാനമേ...(അനുപല്ലവി), അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും... (ഇതാ ഒരു തീരം), കസ്തൂരി മാന്മിഴി മലര്‍ശരമെയ്യും (മനുഷ്യ മൃഗം), സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളേ (സര്‍പ്പം) എന്നിവ കെ.കെ. ജോയ് എന്ന സംഗീത സംവിധായകനെ അടയാളപ്പെടുത്തിയ ഗാനങ്ങളില്‍ ചിലതുമാത്രം. പുതുതലമുറയും ആ പാട്ടുകള്‍ ഏറ്റുപാടുന്നുവെന്നതാണ് ജോയിയിലെ സംഗീതപ്രതിഭയെ അനശ്വരനാക്കുന്നത്.
എഴുപതുകളില്‍ മലയാള സിനിമാ പിന്നണിഗാനരംഗം അതുവരെ പരിചയിക്കാത്ത പല സംഗീതോപകരണങ്ങളും കെ.ജെ. ജോയ് ഉപയോഗിച്ചു. കീബോര്‍ഡ് ഉള്‍പ്പെടെ അവതരിപ്പിച്ച് ചലച്ചിത്ര ഗാനങ്ങളെ വ്യത്യസ്തമാക്കി. മലയാള ഗാനങ്ങളില്‍ പാശ്ചാത്യചേരുവകള് ചേര്‍ത്തു പുതുമയുടെ പുഷ്കലകാലം തീര്‍ത്തു. ഇതോടെ മലയാള സംഗീത പ്രേമികള്‍ അദ്ദേഹത്തിന്റെ ആരാധകരായി.
സംഗീത സംവിധായകന് എം.എസ്. വിശ്വനാഥനാണ് ജോയിയെ സിനിമയിലേക്ക് നയിക്കുന്നത്. അക്കോഡിയന്‍ എന്ന സംഗീതോപകരണത്തില്‍ െവെദഗ്ധ്യം നേടിയ കലാകാരനായി എം.എസ്.വിയുടെ സിനിമകളിലൂടെ പിന്നണിഗാനരംഗത്തേക്കു പടിയേറ്റം. ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനങ്ങളുടെ ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചത് ജോയിയാണെന്ന് അധികമാര്‍ക്കും അറിയില്ല.
അദ്ദേഹത്തെ സംഗീത സംവിധാനത്തിലേക്ക് െകെപിടിച്ചു കയറ്റിയതും എം.എസ്.വിയായിരുന്നു. 1975-ല്‍ ലവ്ലെറ്റര്‍ എന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ച് മലയാള ചലച്ചിത്ര ഗാനരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു.
ചന്ദനച്ചോല, ഇവനെന്റെ പ്രിയപുത്രന്, ആരാധന, സ്നേഹ യമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, സര്‍പ്പം, ശക്തി തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളായി. മലയാളികളുടെ ഓര്‍മകളില്‍ എക്കാലവും മരണമില്ലാത്ത സംഗീതം ബാക്കിവച്ചാണ് ജോയിയുടെ മടക്കം.






