
മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജയിലിനുള്ളില്‍ തടവുകാര്‍ മരിക്കുന്ന സംഭവം ബ്രസീലിയന്‍ ജയിലില്‍ വീണ്ടും. ഒരാഴ്ചയ്ക്ക് മുമ്പ് 56 പേര് മരിച്ച മനാവൂസ് ജയിലിലെ ഏറ്റുമുട്ടല്‍ നടന്ന് കൃത്യം ഒരാഴ്ചയിലേക്ക് കടക്കുമ്പോള്‍ സംഭവം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത് തൊട്ടടുത്ത ജയിലിലാണ്. സംഭവത്തില്‍ 33 പേര് മരണമടഞ്ഞു. ശിരസ്സറുത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.
തടവുകാരുടെ ബാഹുല്യം കൂടുതലായ റോറെയ്മാ സ്റ്റേറ്റിലെ മോണ്ടി ക്രിസ്റ്റോ റൂറല്‍ പെനിറ്റെന്റിയറി ജയിലിലാണ് ഇത്തവണത്തെ ഏറ്റുമുട്ടല്‍ നടന്നത്. ജയിലിനുള്ളില്‍ മയക്കുമരുന്ന് സംഘങ്ങളുടെ ചേരി തിരിഞ്ഞുള്ള ആക്രമണമായിരുന്നു നടന്നത്. ജയിലിനുള്ളില്‍ എതിര് ഗ്രൂപ്പിന് മേല്‍ മേധാവിത്വം നേടാനുള്ള ഒരു സംഘത്തിന്റെ ശ്രമം അക്രമത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഫസ്റ്റ് കമാന്റ് ഇന്‍ ക്യാപിറ്റല്‍ എന്ന രീതിയില്‍ പരാമര്‍ശിക്കപ്പെടുന്ന പിസിസി ഗ്യാംഗ് ആണ് അക്രമം നടത്തിയതെന്നാണ് വിവരം.
കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലായി പാര്‍പ്പിച്ചിരുന്ന ഇവര്‍ പുലര്‍ച്ചെയോടെ തങ്ങളുടെ സെല്ലുകളുടെ പൂട്ട് തകര്‍ത്ത് എതിരാളികള്‍ക്ക് നേരെ തിരിയുകയായിരുന്നു. അതേസമയം ഞായറാഴ്ച മനാവൂസ് ജയിലില്‍ നടന്ന സംഭവത്തിന്റെ തുടര്‍ച്ചയാണോ ഇതെന്ന് വ്യക്തമല്ല. മയക്കുമരുന്ന് ഗ്യാംഗുകള്‍ സജീവമാകുകയും അവര്‍ക്കെതിരേ നടപടികളും കൂടുതലായതോടെ ബ്രസീലില്‍ ഗുണ്ടാവിളയാട്ടം അടുത്ത കാലത്ത് ശക്തമാണ്. 2012 ലെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം 32 ദശലക്ഷം ഡോളര്‍ വരെ മയക്കുമരുന്ന് സംഘങ്ങള്‍ സമ്പാദിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. നടപടി കടുത്തതോടെ സാവോപോളോയിലെ വിവിധ ഗുണ്ടാ സംഘങ്ങളില്‍ നിന്നും മാത്രം 13,000 പേരാണ് ജയിലുകളില്‍ കിടക്കുന്നത്.
ഞായറാഴ്ച പിസിസി സംഘത്തിലെ ഗുണ്ടകള്‍ മനാവൂസ് ജയിലില്‍ ഫാമിലി ഓഫ് നോര്‍ത്ത് (എഫ്ഡിഎന്) സംഘവുമായി ഏറ്റുമുട്ടിയിരുന്നു. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയില്‍ സംഭവത്തില്‍ 56 പേരാണ് മരിച്ചത്. സംഭവത്തിനിടയില്‍ രക്ഷപ്പെട്ടത് 87 തടവുകാരായിരുന്നു. ഇവരില്‍ 40 പേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. 700 പേര്‍ക്ക് മാത്രം ഇടയുള്ള റോറെയ്മ ജയിലില്‍ പക്ഷേ തടവുകാരുടെ എണ്ണം 1,400 ആണെന്നാണ് ഒ ഗ്ളോബോ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മനാവൂസ് ജയിലിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബ്രസീലിയന്‍ ജയിലിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില പദ്ധതികള്‍ വ്യാഴാഴ്ച ബ്രസീലിയന്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.






