
കൊച്ചി: സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ. സിസാ തോമസിനെതിരെയുള്ള അച്ചടക്കനടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി.) നിയമോപദേശ പ്രകാരമാണിത്.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വി.സി. സ്ഥാനമേറ്റെടുത്ത ഡോ. സിസയുടെ നടപടി കേരള സര്‍വീസ്ചട്ടം സെക്ഷന്‍ 13 (7) ന്റെ ലംഘനവും പെരുമാറ്റദൂഷ്യവുമാണ്. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചിട്ടില്ല. വി.സി. പദവി താല്ക്കാലികമാണെന്നു പറഞ്ഞൊഴിയാന്‍ ഡോ. സിസ ശ്രമിക്കുകയാണ്. താല്‍ക്കാലികമാണെങ്കിലും അഡീഷണല്‍ ചുമതലയാണെങ്കിലും മുന്‍കൂര്‍ അനുമതി വേണമെന്നും സര്‍ക്കാര്‍ വാദിക്കും.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നടത്തിയ താല്‍ക്കാലിക നിയമനത്തില്‍ തനിക്കു പങ്കില്ലെന്ന സിസയുടെ വാദം നിലനില്‍ക്കില്ല. നിസഹായയാണെന്ന വാദവും അംഗീകരിക്കാന്‍ കഴിയില്ല. വി.സി. പദവി സാധാരണ തസ്തികയല്ല. അതിനാല്‍, പദവി സ്വീകരിക്കും മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും.
മുന്‍ വൈസ് ചാന്‍സലര്‍ രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധുവാക്കിയതിനെ തുടര്‍ന്നാണ് സിസാ തോമസിനെ താല്‍ക്കാലിക വൈസ് ചാന്‍സലറായി ചാന്‍സലര്‍ നിയമിച്ചത്. ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നിയമനം നിയമപരമാണെന്നു കോടതി വിധിച്ചു. തുടര്‍ന്നാണു സര്‍ക്കാര്‍ സിസയ്ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
നോട്ടീസിനെതിരേ സിസാ തോമസ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കാനാവില്ലെന്നു ട്രിബ്യൂണല്‍ ഉത്തരവിട്ടു. തുടര്‍ന്നു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, സിസയുടെ നിയമനം യൂണിവേഴ്സിറ്റി, യു.ജി.സി. ചട്ടങ്ങളനുസരിച്ചാണെന്നും അതിനാല്‍ നോട്ടീസിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സാങ്കേതിക സര്‍വകലാശാലാ വി.സി സ്ഥാനത്തേക്കു സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ യു.ജി.സി ചട്ടപ്രകാരം സ്വീകാര്യമല്ലാത്തതിനാല്‍ ഔദ്യോഗിക ജോലിയോടൊപ്പം വി.സിയുടെ അധികച്ചുമതല കൂടി ഡോ. സിസ വഹിക്കാനായിരുന്നു ഗവര്‍ണറുടെ ഉത്തരവ്. ഡോ. സിസയുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്.






