
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിക്കെതിരേയുള്ള അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം. കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷിച്ചിട്ട് കാര്യമില്ലെന്നും ഇപ്പോള്‍ നടക്കുന്നത് സിപിഎം-സംഘപരിവാര്‍ അവിഹിതബന്ധത്തിന്റെ തെളിവെന്നും വി.ഡി. സതീശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എക്സാലോജിക്കിനെതിരായ ആര്‍ഒസി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എക്സാലോജിക്ക് വാദം ശരിവയ്ക്കുന്ന ഒരു രേഖയും നല്‍കിയില്ല. എന്നിട്ടും കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇത് സംഘപരിവാറുമായുള്ള ബന്ധത്തിന്റെ തെളിവാണ്. സിപിഎമ്മും സംഘപരിവാറും ഇടയ്ക്ക് വന്‍ പോരാട്ടമാണെന്ന് തോന്നിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.
സിബിഐ തെറ്റായ വഴിയില്‍ അന്വേഷണം കൊണ്ടുപോയാല്‍ അധികാരം ദുര്‍വിനിയോഗം ചെയ്യാനോ സെറ്റില്‍മെന്റിനോ പ്രതിപക്ഷം അനുവദിക്കില്ലെന്നും പറഞ്ഞു. സംഘ്പരിവാറും കേരളത്തിലെ സിപിഎമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ട്. ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തിയില്ലല്ലോ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്ന സിപിഎം മറുപടി ക്ലീഷേയാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരും തിരുവനന്തപുരത്തും യുഡിഎഫിന് വിജയം ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ സീറ്റുകളാണ് ബിജെപി ഉന്നമിടുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉയര്‍ത്തി ഇത്തവണ യുഡിഎഫ് ജയിക്കും. ഒരു സീറ്റില്‍ പോലും ബിജെപി ജയിക്കില്ല. അക്കാര്യം ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും വിഡി സതീശന് പറഞ്ഞു. തൃശ്ശൂര്‍ സീറ്റ് ബിജെപിക്ക് അനുകൂലമാകാന്‍ എക്സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ സെറ്റില്‍മെന്റ് ഞങ്ങള്‍ സംശയിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.






