
ഏറ്റവും അധികം സാഹസികത കൂടിയ ഇനമാണ് സ്കൈഡൈവിംഗ്. എന്നാല്‍ ഏത് വിനോദവും പല തവണ ചെയ്തു കഴിയുമ്പോള്‍ ആളുകള്‍ക്ക് ബോറടിച്ചുത്തുടങ്ങും. ഇത്തരത്തില്‍ സ്കൈഡൈവിംഗ് ബോറടിച്ചപ്പോള്‍ പുതിയ അപ്ഡേഷന് എത്തി. പുതിയ സ്കൈഡൈവിംഗ് അല്പം സാഹസികത കൂടിയതാണ്. സാഹസിക കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്ന എമിലിയാനോ റിബീറോയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
പങ്കുവച്ച വീഡിയോ ഒരു തുറസായ പ്രദേശത്ത് ഒരു ഹോട്ട് ബലൂണില്‍ ചൂട് വായു നിറയ്ക്കുന്നതിലൂടെയയാണ് തുടങ്ങുന്നത്. അതിന് സമീപത്തായി ഒരു ട്രാംപോളിന് വച്ചിരിക്കുന്നതും കാണാം. രണ്ട് പേര് ചേര്‍ന്ന് ട്രാംപോളിനില്‍ നിന്ന് കൊണ്ട് ഒരു ഫുട്ബോള്‍ തട്ടി കളിക്കുന്നു. പിന്നാലെ ഹോട്ട് ബലൂണ്‍ ആകാശത്തിലേക്ക് ഉയരുന്ന കാഴ്ചയിലേക്ക്. പിന്നീട് ആകാശത്ത് മേഘങ്ങള്‍ക്കും മുകളില്‍ ഹോട്ട്ബലൂണ്‍ ഉയര്‍ന്ന് നില്ക്കുമ്പോള് ബലൂണിന്റെ താഴെയായി കയറുകളില്‍ തൂങ്ങിക്കിടക്കുന്ന ട്രാംപോളിന് കാണാം. മൂന്ന് പേര് വളരെ സന്തോഷത്തോടെ ട്രാംപോളിനില്‍ ഇരിക്കുന്നു. പിന്നീട് ഇവര്‍ ട്രാംപോളിന് നിന്ന് പന്തു തട്ടുന്നു. ഇതിനിടെ ഒരാള്‍ ഹോട്ട് ബലൂണിലെ ഒരു കയറില്‍ തൂങ്ങി ആടുന്നതും കാണാം. തൊട്ടടുത്ത നിമിഷം ഒന്നിന് പുറകെ ഒന്നായി നാല് പേരും ട്രാംപോളില് നിന്ന് താഴേക്ക് ചാടുന്നു.
ഇവര്‍ മേഘങ്ങള്‍ക്ക് മുകളിലേക്കാണ് ചാടുന്നത്. അടുത്ത കാഴ്ചയില്‍ നാല് പേരും തങ്ങളുടെ പാരച്യൂട്ടുകളും കൈയില്‍ പിടിച്ച് നടന്ന് പോകുന്നത് കാണാം. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് കൊണ്ട് റിബീറോ എഴുതി, 'ഒരു ഇതിഹാസ സംഘത്തോടൊപ്പം ഇതിഹാസ പ്രോജക്ടുകള്‍ ചെയ്യുന്നത് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണ്. നമ്മള് തുടങ്ങുന്നതേയുള്ളൂ... ഇതില്‍ ഉള്‍പ്പെട്ട എല്ലാ ഇതിഹാസങ്ങള്‍ക്കും നന്ദി.' വീഡിയോ ഇതിനകം നിരവധി പേര് കണ്ടുകഴിഞ്ഞു. നിരവധി പേര് രസകരമായ കുറിപ്പുകളുമായി രംഗത്തെത്തി. 'ചാട്ടത്തില്‍ നിങ്ങളുടെ ഉയരം എത്രയായിരുന്നു?! വളരെ രസകരമായ പ്രയാണം ഇത് എനിക്കും ചെയ്യണം. !' ഒരു കാഴ്ചക്കാരനെഴുതി.






