
തിരുവനന്തപുരം: പാക്കിസ്താന് മാത്രമല്ല ഫെയ്സ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്കും ഇനി പണികൊടുക്കുമെന്ന് മുന്നറിയിപ്പുമായി കേരള സൈബര്‍ വാരിയേസ്. സെക്സ് ചാറ്റുകള്‍ക്കായി ഉണ്ടാക്കിയിരിക്കുന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്ന മുന്നറിയിപ്പാണ് മലയാളി ഹാക്കര്‍ സംഘമായ കേരള സൈബര്‍ വാരിയേസ് അറിയിച്ചിരിക്കുന്നത്.
സെക്സ് ചാറ്റ് ലക്ഷ്യം വച്ച് നിര്‍മ്മിച്ചിരിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ പിന്നിലുള്ളവരുടെ യഥാര്‍ത്ഥ ഫെയ്സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ കേരള സൈബര്‍ വാരിയേസ് വ്യക്തമാക്കി. യഥാര്‍ത്ഥ ഫേയ്സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമേ ഉപയോക്താവിന്റെ ഫോണ്‍ നമ്പര്‍, ഐപി അഡ്രസ്, വീട്ട് വിലാസം, മുതലായ വിവരങ്ങളും ഇതിനൊപ്പം പരസ്യപ്പെടുത്തുമെന്നും കേരള സൈബര്‍ വാരിയേസ് അറിയിച്ചു.
നേരത്തെയും സെക്സ് ചാറ്റുകള്‍ നടത്തിയിരുന്ന വ്യാജ അക്കൗണ്ടുകള്‍ പിടിച്ചെടുക്കുകയും വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ ഇത്തരത്തില്‍ പിടിക്കപ്പെട്ട ഒരാള്‍ ആത്മഹത്യ ഭീക്ഷണി മുഴക്കി സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് ഇത്തരം പരിപാടിയില്‍ നിന്നും പിന്മറിയതെന്ന് കേരള സൈബര്‍ വാരിയേസ് അറിയിച്ചു.
എന്നാല്‍ 2017 ജനുവരി 7 മുതല്‍ തങ്ങള്‍ വീണ്ടും വ്യജ ഫെയ്സ്ബുക്ക് വഴി സെക്സ് ചാറ്റ് നടത്തുന്നവരെ പുറത്തുകൊണ്ടുവരുമെന്നും കേരള സൈബര്‍ വാരിയേസ് അറിയിച്ചു. അതിനാല്‍ ഇത് അവസാന മുന്നറിയിപ്പാണെന്നും വ്യാജ പ്രൊഫൈലുകളും പേജുകളും എത്രയും പെട്ടെന്ന് ഡിയാക്ടിവേറ്റ് ചെയ്യണമെന്നും കേരള സൈബര്‍ വാരിയേസ് അറിയിച്ചു.






