
വാട്ട്‌സ്ആപ്പിന്റെ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് വിശദീകരണം സമർപ്പിക്കാൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാർ മൂന്ന് ദിവസം കൂടി സമയം അനുവദിച്ചു. ഫീച്ചറിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ മെറ്റ അധികസമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
ഫോൺ നമ്പർ പങ്കുവെക്കുകയോ പരസ്യമാക്കുകയോ ചെയ്യാതെ യൂസർനെയിം (User ID) ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സ്വകാര്യത കൂടുതൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നതെന്ന് മെറ്റ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇത് ആൾമാറാട്ടത്തിനും ഓൺലൈൻ തട്ടിപ്പുകൾക്കും വഴിയൊരുക്കുമെന്ന ആശങ്കയാണ് കേന്ദ്ര സർക്കാർ ഉയർത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാട്ട്‌സ്ആപ്പിന് സർക്കാർ നോട്ടീസ് നൽകിയത്.
ടെലിഗ്രാം ഉൾപ്പെടെയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഫോൺ നമ്പർ പോലുള്ള വ്യക്തിത്വ വിവരങ്ങൾ വെളിപ്പെടുത്താതെ നടത്തുന്ന തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സമാനമായ സംവിധാനം വാട്ട്‌സ്ആപ്പിലും നടപ്പിലാക്കിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നാണ് ആശങ്ക.
അതേസമയം, സർക്കാർ സ്ഥാപനങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും പേരുകൾ ദുരുപയോഗം ചെയ്യാതിരിക്കാൻ ആവശ്യമായ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായി അവകാശമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അതത് യൂസർനെയിമുകൾ സംവരണം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ഫോൺ നമ്പറിന്റെ സ്വകാര്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂസർനെയിം ഫീച്ചർ അവതരിപ്പിക്കുന്നതെന്നും, ഇത് ഘട്ടംഘട്ടമായാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയെന്നും മെറ്റ അറിയിച്ചു. കൂടാതെ, ചാറ്റ് ചെയ്യുന്ന വ്യക്തിയെക്കുറിച്ചുള്ള ആവശ്യമായ വിവരങ്ങൾ ഉപയോക്താക്കൾക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഫീച്ചറിന്റെ ഭാഗമാകുമെന്നും കമ്പനി വിശദീകരിച്ചു.






