
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന പ്രാണ്‍പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി വിഐപികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് അയോദ്ധ്യയില്‍ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നിര്‍വ്വഹിക്കുന്ന ചടങ്ങിലേക്ക് സന്യാസിമാരും രാഷ്ട്രീയ നേതാക്കളും വ്യവസായികളും അഭിനേതാക്കളും കായിക താരങ്ങളും മറ്റ് വിശിഷ്ട വ്യക്തികളും ഉള്‍പ്പെടെ 8,000 പ്രത്യേക ക്ഷണിതാക്കളുണ്ട്. എന്നാല്‍ ഈ അതിഥികള്‍ക്ക് ഇടയില്‍ വേറിട്ടു നില്ക്കുന്ന ഒരു കൂട്ടരുണ്ട്. നിഹാംഗ് സിഖുകാരുടെ സംഘം. ക്ഷേത്രം ഉദ്ഘാടനത്തിനായി വെള്ളിയാഴ്ച അയോധ്യയില്‍ എത്തിയ അവര്‍ ക്ഷേത്രത്തിലെത്തുന്ന തീര്‍ഥാടകര്‍ക്കായി ചാര് ധാം മഠത്തില്‍ രണ്ടു മാസത്തെ കമ്യൂണിറ്റി കിച്ചണ്‍ നടത്തും.
സിഖുമത വിശ്വാസികള്‍ക്ക് രാമക്ഷേത്രവുമായി എന്താണ് ബന്ധമെന്നാണ് ഉയരുന്ന പ്രധാനചോദ്യം. 2019 നവംബറില്‍ ഉത്തര്‍പ്രദേശ് നഗരത്തിലെ തര്ക്കഭൂമിയെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയില്‍ ബാബ്റി മസ്ജിദിന് മുമ്പ് സിഖ് മത സ്ഥാപകനായ ഗുരു നാനാക് 1510-11 എഡിയില്‍ ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നതായി പറയുന്നുണ്ട്. ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം 1858 നവംബറില്‍ നിഹാംഗ് ബാബ ഫക്കീര്‍ സിംഗ് ഖല്‍സ ബാബറി മസ്ജിദിലേക്ക് അതിക്രമിച്ച് കയറിയതായും പറയുന്നുണ്ട്. ഇവിടെ ഹവാനും പൂജയും സംഘടിപ്പിച്ചു.
അദ്ദേഹം മസ്ജിദിനുള്ളില്‍ രാമചിഹ്നം സ്ഥാപിക്കുകയും ആരാധനാലയത്തിന്റെ ചുവരുകളില്‍ 'റാം റാം' എന്ന് എഴുതുകയും ചെയ്തതിന് ബാബറി മസ്ജിദിലെ അന്നത്തെ മസ്ജിദ് ഓഫീസറായ മുഅജിന് സയ്യിദ് മുഹമ്മദ് ഖത്തീബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 25 നിഹാംഗുകള്‍ക്കെതിരെ ഔധ് പോലീസ് സ്റ്റേഷനില്‍ കേസും രജിസ്റ്റര്‍ ചെയ്തു. ''ശിവ് ഗുലാം തണ്ടേദാര് ഔധ് സര്‍ക്കാരിന്റെ ഗൂഢാലോചന കാരണം, നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതുവരെ ബൈരാഗികള്‍ (നിഹാംഗുകള്‍) ഒറ്റരാത്രികൊണ്ട് ഒരു 'ബാലിഷ്' ഉയരത്തില്‍ ഒരു ചബൂത്ര (പ്ലാറ്റ്ഫോം) നിര്‍മ്മിച്ചു,' അദ്ദേഹം പരാതിയില്‍ പറഞ്ഞു.
1858 നവംബറില്‍ ഔധിലെ താനേദാര്‍, ശീതള്‍ ദുബെയുടെ ഒരു റിപ്പോര്‍ട്ട്, 2019 ലെ വിധിയില്‍ സുപ്രീം കോടതി പരാമര്‍ശിച്ചു: ''ഇന്ന് പഞ്ചാബിലെ നിഹാംഗ് സിംഗ് ഫഖര്‍ ഖല്‍സ, ഗുരു ഗോവിന്ദ് സിങ്ങിന്റെ ഹവാനും പൂജയും സംഘടിപ്പിച്ചു. മസ്ജിദിന്റെ പരിസരത്ത് രാമന്റെ ഒരു ചിഹ്നം സ്ഥാപിച്ചു. ചിഹ്നം സ്ഥാപിക്കുന്ന സമയത്ത് സുരക്ഷയ്ക്കായി 25 സിഖുകാരെ അവിടെ നിയോഗിച്ചിരുന്നു.''
ഇതെല്ലാം അനുസ്മരിച്ചുകൊണ്ടാണ് ബാബ ഫക്കീര്‍ സിങ്ങിന്റെ എട്ടാമത്തെ പിന്‍ഗാമിയായ ജതേദാര്‍ ബാബ ഹര്‍ജിത് സിംഗ് റസൂല്‍പൂര്‍ ഞായറാഴ്ച രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠയ്ക്കോ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കോ ഭക്തരെ സേവിക്കുന്നതിനായി ഒരു ലംഗാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് നിഹാംഗുകള്ക്കൊപ്പം ലംഗര്‍ സംഘടിപ്പിച്ച് തന്റെ പൂര്‍വ്വികര്‍ക്ക് രാമനോടുള്ള ഭക്തി മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആയോധന വൈദഗ്ധ്യത്തിന് പേരുകേട്ട സിഖുകാര്‍ക്കിടയിലെ ഒരു പ്രത്യേക വിഭാഗമാണ് നിഹാങ്സ്. സിഖ് യോദ്ധാക്കളുടെ ഈ ക്രമം അവരുടെ അയഞ്ഞ, കടും നീല വസ്ത്രങ്ങള്‍, സ്റ്റീല്‍ ക്വോട്ട് (ചക്രങ്ങള്‍) കൊണ്ട് അലങ്കരിച്ച തലപ്പാവ്, വാളുകളും കുന്തങ്ങളും പോലുള്ള പരമ്പരാഗത ആയുധങ്ങളാല്‍ തിരിച്ചറിയപ്പെടുന്നു. 'രാമജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചത്' സിഖുകാരാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഖ്നൗവില്‍ പറഞ്ഞത് ഈ സാഹചര്യം വെച്ചാണെന്ന് നിരീക്ഷകരും പറയുന്നു. നിഹാങ് ബാബ ഫക്കീര്‍ സിംഗ് ഖല്‍സ ഉള്‍പ്പെട്ട 1858-ലെ സംഭവത്തെക്കുറിച്ചും പ്രസംഗത്തില്‍ രാജ്നാഥ്സിംഗ് സംസാരിച്ചു.






