ബംഗലൂരു: ബംഗലൂരുവില്‍ നിന്ന് ഞായറാഴ്ച കാണാതായ 12കാരന് പരിണവിനെ കണ്ടെത്തി. ഹൈദരാബാദിലെ നംപള്ളി മെട്രോ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഏറ്റെടുക്കുന്നതിനായി കുടുംബം ഹൈദരാബാദിലേക്ക തിരിച്ചു.
മകന് സുരക്ഷിതനായിരിക്കുന്നുവെന്നും കണ്ടെത്താന്‍ പിന്തുണച്ച എല്ലാവര്ക്കും നന്ദി പറയുന്നതായും പരിണവിന്റെ അമ്മ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ജനുവരി 21ന് വൈകിട്ട് 4.30ന് ബംഗലൂരുവിലെ മജസ്റ്റിക് ബസ് സ്റ്റേഷനില്‍ നിന്നാണ് കുട്ടിയുടെ സിസിടിവി ദൃശ്യം ഒടുവില്‍ ലഭിച്ചത്. പേനകളോട് വലിയ ഭ്രമം കാണിച്ചിരുന്ന പരിണവിന് അമ്മാവന് വിലകൂടിയ പേനകള്‍ സമ്മാനിക്കുന്ന പതിവുണ്ടായിരുന്നു. തന്റെ കൈവശമിരുന്ന പാര്‍ക്കര്‍ പേന വില്ക്കാന് ശ്രമിക്കുന്ന ദൃശ്യമാണ് ലഭിച്ചത്. തുടര്‍ന്ന് പിതാവ് സുകേഷ് സമൂഹ മാധ്യമങ്ങള്‍ വഴി മകനെ കണ്ടെത്താന്‍ സഹായം തേടിയിരുന്നു.
ബസ് സ്റ്റേഷനിലെ പൊതുശുചിമുറി ഉപയോഗിച്ച് പുറത്തിറങ്ങുന്ന പരിണവ് തന്റെ കൈവശമിരുന്ന പാര്‍ക്കര്‍ പേന ഒരാള്‍ക്ക് 50 രൂപയ്ക്ക് വിലക്കാന്‍ ശ്രമിക്കുന്ന ദൃശ്യമാണ് ലഭിച്ചത്. തന്റെ പക്കലുണ്ടായിരുന്ന ഓരോ സാധനങ്ങളും വില്ക്കാന് അവന് ശ്രമിച്ചിരുന്നു. മഞ്ഞ ടി ഷര്‍ട്ടും നേവി ബ്ലൂ പാന്റും ധരിച്ച് കോച്ചിംഗ് സെന്ററിലേക്ക് പോയ പരിണവ് മറാത്തഹള്ളി മാര്‍ക്കറ്റിന് സമീപം ഇറങ്ങിയതായി ബസ് കണ്ടക്ടര്‍ അറിയിച്ചിരുന്നു. കൈവശം പണമില്ലാത്തതിനാല്‍ പരിണവ് ഏറെ ദൂരം പോകില്ലെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ.
പരിണവിനെ കണ്ടെത്താന്‍ ബംഗലൂരു പോലീസിന്റെ മൂന്ന് സംഘമാണ് തിരിച്ചില്‍ നടത്തിയിരുന്നത്.






