
ഡോ. വന്ദന ദാസ്... വാർത്തകളിൽ ഈ പേര് നിറഞ്ഞപ്പോൾ ഒരു വിങ്ങലോടെയാണ് മലയാളികൾ അത് വായിച്ചറിഞ്ഞത്. വീട്ടിലേക്ക് ഫോണ്‍ വിളിച്ച ശേഷം ആ മകള്‍ ജോലിക്കായി പോയപ്പോൾ ഒരിക്കലും ആ മാതാപിതാക്കൾ വിചാരിച്ചിരുന്നില്ല നേരം ഇരുട്ടി വെളുക്കുമ്പോൾ അവളുടെ മരണ വാർത്തയാകും അവരെ തേടി വരുകയെന്ന്. വന്ദന ദാസ് എന്ന ഹൗസ് സർജന്റെ മരണത്തെ അംഗീകരിക്കാൻ കഴിയാതെയാണ് ആ കുടുംബം ഇന്നും ജീവിക്കുന്നത്. ആ അച്ഛന്റെയും അമ്മയുടെയും കരഞ്ഞു കലങ്ങിയ കണ്ണുകള്‍ നാടിനെയാകെ ഈറനണിയിച്ചു. എന്നാൽ ആ കൊലപാതകം ഇന്നും വെറുമൊരു വാർത്തയായി മാത്രം ശേഷിക്കുകയാണ്.
ഇപ്പോഴിതാ അധികാരികളും മാദ്ധ്യമങ്ങളും മറന്ന ആ കുടുംബത്തെ ചേർത്ത് പിടിക്കുകയാണ് നടൻ ടിനി ടോം. കോട്ടയത്തെ മുട്ടചിറയിലെ വസതിയിലെത്തി, വന്ദന ദാസിന്റെ പിതാവിനെ കണ്ടതിന് പിന്നാലെയാണ് വൈകാരിക കുറിപ്പ് ടിനി ടോം പങ്കുവച്ചത്.
"ഈ അച്ഛനെ ഓർമ്മയുണ്ടോ ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ കൃത്യം 8 മാസം മുൻപ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു ഡോ.വന്ദന ദാസ് ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്, ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരം വിവാഹ റിസപ്ഷനിൽ വച്ചാണ്,ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ് ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല ...ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കാണുകയായിരുന്നു ഈ അച്ചൻ , ഞാൻ അഡ്രെസ്സ് മേടിച്ചു ഇപ്പോ വീട്ടില്‍ കാണാനെത്തി .......നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോൾ ഒന്ന് ഈ വീട്ടില്‍ വരുക ഒന്നിനും അല്ല എന്തു നമ്മൾ കൊടുത്താലും പകരം ആവില്ലല്ലോ ....ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ...ഈ അച്ഛന് ..." എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.






