
ന്യൂഡല്‍ഹി: കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കാണിച്ച് കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക ഞെരുക്കത്തിന് കാരണം കേരളത്തിന്റെ കുഴപ്പമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധിയില്ല. ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ മറുപടിയില്‍ പറയുന്നു.
ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് കേരളവും സുപ്രീം കോടതിയും വ്യക്തമാക്കി. ഹര്‍ജി വീണ്ടും മാര്‍ച്ചില്‍ പരിഗണിക്കാന്‍ നിശ്ചയിച്ചു. എന്നാല്‍ ബജറ്റ് വരുന്നതിനാല്‍ അടിയന്തയരമായി കേള്‍ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം രേഖാമൂലമുള്ള സത്യവാങ്മൂലം അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം. ഫെബ്രുവരി 16ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ശമ്പളം നല്കാന് പോലൂം കഴിയുന്ന അവസ്ഥയല്ലെന്നും ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബജറ്റുമായി ബന്ധമില്ലെന്നും പരാജയം മറച്ചുവയ്ക്കാനാണ് ശ്രമമെന്നും അറ്റോര്‍ണി ജനറല്‍ ആരോപിച്ചു.






