നിലമേല്‍: എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ റോഡിലിരുന്നുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധം ഒരു മണിക്കൂര്‍ പിന്നിട്ടു. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ എഫ്ഐആര്‍ കണ്ടശേഷം പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കൃത്യമായ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. അതിന്റെ പകര്‍പ്പ് കണ്ടശേഷം പ്രതിഷേധം അവസാനിപ്പിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ഗവര്‍ണറെ വിളിച്ച ഡിജിപിയോടും അദ്ദേഹം ക്ഷുഭിതനായി സംസാരിച്ചു. പോലീസിനെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം സംസാരിച്ചത്. നിങ്ങളാണ് കുറ്റക്കാര്‍, നിങ്ങള്‍ നിയമലംഘകരെ സഹായിക്കുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നവര്‍ക്കെതിരെ നിങ്ങള്‍ ഇങ്ങനെയാണോ പെരുമാറുന്നതെന്നും ഗവര്‍ണര്‍ ആരാഞ്ഞൂ. മുഖ്യമന്ത്രിയായിരുന്നു വാഹനത്തിലെങ്കില്‍ 50 പേരെ റോഡില്‍ നില്ക്കാന് അനുവദിക്കുമായിരുന്നോ എന്നും ഗവര്‍ണര്‍ ചോദിച്ചു. ഇതിനിടെ നിയമോപദേശം നല്കാന് ഒരു അഭിഭാഷകനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തിയതായി സൂചനയുണ്ട്. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമുള്ള പ്രത്യേക അവകാശം അനുസരിച്ച് ഇവര്‍ക്കെതിരായ പ്രതിഷേധ സമരങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതാണ്.
സംസ്ഥാനത്തിന്റെ ഭരണത്തലവനും കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയുമായ ഗവര്‍ണറാണ് തെരുവിലിരുന്ന് പ്രതിഷേധിക്കുന്നത്. ഇക്കാര്യം രാജ്ഭവനിലെ ചുമതലയുള്ള ഉദ്യോഗസ്ഥന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഔദ്യോഗികമായി കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോട് പരാതിപ്പെടാനും പ്രധാനമന്ത്രിയെ വിവരം ധരിപ്പിക്കാനും ഗവര്‍ണര്‍ തന്റെ പഴ്സണല്‍ സ്റ്റാഫിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സംഭവത്തില്‍ 17 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. പേരറിയാവുന്ന 12 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തായി എഫ്ഐആറില്‍ പറയുന്നു. ഗവര്‍ണറുടെ യാത്ര തടസ്സപ്പെടുത്തുന്നതിനും വാഹനം തടയുന്നതിനും ബോധപൂര്‍വ്വമായ ശ്രമം ഇവര്‍ നടത്തിയെന്നും പോലീസിന്റെ ഡ്യുട്ടി തടസ്സപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ എല്ലാവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
അതിനിടെ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോപീകൃഷ്ണന് കസ്റ്റഡിയില്‍. കരിങ്കൊടി പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കസ്റ്റഡി.
കഴിഞ്ഞ ദിവസം നിയമസഭയില്‍ നയഖ്ര്യാപന പ്രസംഗം മുഴുവന്‍ വായിക്കാതെ മടങ്ങിയ ഗവര്‍ണര്‍, ഇന്നലെ റിപ്പബ്ലിക് ദിന ചടങ്ങിനിടെയും മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നില്ല. ഗവര്‍ണര്‍ വിളിച്ച റിപ്പബ്ലിക് ദിന വിരുന്നില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നതും ചീഫ് സെക്രട്ടറിയും ഡിജിപിയും വിട്ടുനിന്നതും ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു.






