
ഓരോ ദിവസവും തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങള്‍ കൂടിവരികയാണ്. ഇവയില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് യുഎസിലാണ്. ഓരോ വര്‍ഷം കഴിയുന്തോറും ഇത്തരം കൊലപാതകങ്ങളുടെ എണ്ണം കൂടിവരികയാണ്. കൗമാരക്കാര്‍ മുതല്‍ മുതിര്‍ന്ന ആളുകളില്‍ തോക്കുപയോഗിച്ചുള്ള കൊലപാതക പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ വെടിവയ്പ്പ് നടത്തിയ 15 -കാരന്റെ അമ്മയെ കോടതി വിചാരണ ചെയ്തു. മകന് തോക്കുപയോഗിക്കുന്നത് തടയാന്‍ അമ്മയ്ക്ക് സാധിച്ചില്ല എന്ന് കാണിച്ചാണ് കോടതി ജെന്നിഫര്‍ ക്രംബ്ലി എന്ന 45 -കാരിയെ വിചാരണ ചെയ്തത്. ആദ്യമായിട്ടാണ് ഒരു പ്രതിയുടെ രക്ഷിതാവിനെ കോടതി വിചാരണ ചെയ്യുന്നത്.
2021 -ല്‍ മിഷിഗണിലെ ഓക്സ്ഫോര്‍ഡ് ഹൈസ്കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ജെന്നിഫറിന്റെ മകന് ഇപ്പോള്‍ ജീവപര്യന്തം തടവ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നാലുപേരാണ് അന്ന് അവന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജെന്നിഫറിന്റെ ഭര്‍ത്താവിനെയും കോടതി വിചാരണ ചെയ്യുന്നുണ്ട്. സിസിടിവിയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ജെന്നിഫര്‍ പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കേസിലെ വിചാരണ നടക്കുമ്പോള്‍ പ്രതിഭാ?ഗം വക്കീല്‍ പറഞ്ഞത്, വെടിയുതിര്‍ത്ത കൗമാരക്കാരനെ അച്ഛനും അമ്മയും ശ്രദ്ധിച്ചിരുന്നില്ല, കുട്ടി മാനസികമായ ചില പ്രയാസങ്ങള്‍ നേരിടുന്നുണ്ട് എന്നായിരുന്നു. എന്നാല്‍, വെടിയുതിര്‍ത്ത കുട്ടി അത് പിന്നീട് നിഷേധിക്കുക?യും അച്ഛനും അമ്മയ്ക്കും ഇതേ കുറിച്ച് ഒന്നും അറിയില്ല. ഞാന്‍ തന്നെയാണ് ഇതെല്ലാം ചെയ്തത് എന്നും പറയുകയായിരുന്നു.
മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് പ്രതിയുടെ അമ്മയ്ക്കും അച്ഛനും എതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ജെന്നിഫറിന്റെ വക്കീല്‍ ഇതിനെ എതിര്‍ത്തു. അമ്മയ്ക്ക് ഇതില്‍ പങ്കില്ലെന്നും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീട്ടുകാരെ സമാധാനിപ്പിക്കുന്നതിന് വേണ്ടി മനപ്പൂര്‍വം അവരുടെ പേരില്‍ കുറ്റം ചുമത്തുകയാണ് എന്നുമാണ് അവര്‍ ആരോപിച്ചത്. പ്രോസിക്യൂട്ടര്‍ മാര്‍ക്ക് കീസ്റ്റ് പറഞ്ഞത്, 'ജെന്നിഫര്‍ വെടിവച്ചു എന്ന് ഞങ്ങള്‍ പറയില്ല. പക്ഷേ, ആ സംഭവത്തിന് അമ്മ എന്ന നിലയില്‍ അവര്‍ക്കും ഉത്തരവാദിത്വമുണ്ട്' എന്നാണ്.
'നല്ല രക്ഷിതാവിനെയും മോശം രക്ഷിതാവിനെയും കുറിച്ച് ചര്‍ച്ച ചെയ്യാനല്ല ഞങ്ങളിവിടെ ഇരിക്കുന്നത്. മോശം രക്ഷിതാവായിരിക്കുന്നത് നിയമപരമായി തെറ്റുമല്ല. എന്നാല്‍, 15 -കാരന് ക്രിസ്മസ് സമ്മാനമായി തോക്ക് നല്‍കിയത് അവന്റെ മാതാപിതാക്കളാണ്. അതില്‍ അവര്‍ തെറ്റുകാരാണ്. മകന് മാനസിക പിന്തുണ നല്‍കുന്നതിലും അവര്‍ പരാജയപ്പെട്ടു' എന്നും പ്രോസിക്യൂട്ടര്‍ പറയുന്നു.
മകന് വരച്ച ഒരു അസ്വസ്ഥപ്പെടുത്തുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനായി ജെന്നിഫറിനെയും ഭര്‍ത്താവിനെയും അന്ന് അധ്യാപകര്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, 11 മിനിറ്റ് മാത്രം അധ്യാപകരോട് സംസാരിച്ച ശേഷം മകന്റെ ബാഗ് പോലും പരിശോധിക്കാതെ ജെന്നിഫറും ഭര്‍ത്താവും മടങ്ങുകയായിരുന്നു. അതേ ദിവസം തന്നെയാണ് അവന് വെടിയുതിര്‍ത്തത്.






