ന്യുഡല്‍ഹി: അമൃത്കാലത്ത നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ആദ്യമായി അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞാണ് രാഷ്ട്രപതി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തത്. വനിതാ സംവരണ ബില്‍ പാസാക്കിയതില്‍ പ്രധാനമന്ത്രി മോദിയെ താന്‍ അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞു. കരുത്തുറ്റ സുസ്ഥിര സര്‍ക്കാരിന്റെ ഗുണം ജനങ്ങള്‍ അറിഞ്ഞുവെന്ന് ഒരു മണിക്കൂറിലേറെ നീണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഊന്നിപ്പറഞ്ഞ രാഷ്ട്രപതി, 25 കോടി ജനങ്ങളെ സര്‍ക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്നും പറഞ്ഞു. ബിസിനസ് ചെയ്യുക എന്നത് മുന്‍കാലങ്ങളെക്കാള്‍ എളുപ്പമായി. ഇന്ത്യയുടെ ഡിജിറ്റല്‍ മുന്നേറ്റം വിദേശത്തും പ്രകീര്‍ത്തിക്കപ്പെടുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നത് നൂറ്റാണ്ടുകളുടെ സ്വപ്നമായിരുന്നു. അത് ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടു. ജമ്മു കശ്മീരില്‍ നിന്ന് ഭരണഘടന അനുഛേദം 370 റദ്ദാക്കപ്പെടണമെന്നത് ജനങ്ങളുടെയും ആവശ്യമായിരുന്നു. അനുഛേദം 370 ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായി.
നേട്ടങ്ങളുടെ വര്‍ഷമാണ് കടന്നുപോയത്. ഏറ്റവും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ചനേടുന്ന രാജ്യമായി ഇന്ത്യമാറി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ എത്തുന്ന ആദ്യ രാജ്യമായി. ജി20 ഉച്ചകോടി വിജയകരമായി നടത്താന്‍ കഴിഞ്ഞത് ലോകത്ത് ഇന്ത്യയുടെ പങ്ക് നിര്ണായകമാക്കി. ഏഷ്യന്‍ ഗെയിംസില്‍ 100 ലേറെ മെഡലുകള്‍ നേടി. അടല്‍ ടണല്‍ പൂര്‍ത്തികരിച്ചു. ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നതില്‍ 14% വളര്‍ച്ച കൈവരിച്ചു. 1200 കോടി യുപിഐ ഇടപാടുകള്‍ തുടങ്ങി.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ദേശീയ താല്പര്യമുള്ള പല പദ്ധതികളും പൂര്‍ത്തിയാക്കി. പതിറ്റാണ്ടുകളായി ജനങ്ങള്‍ കാത്തിരുന്ന പദ്ധതികളായിരുന്നു അവ. രാജ്യത്തെമ്പാടും 39 പുതിയ വന്ദേ ഭാരത് റൂട്ടുകള്‍ സ്ഥാപിച്ചു. 80% വീടുകളിലും സൗജന്യ റേഷന്‍ ലഭിക്കുന്നു. മേക്ക് ഇന്‍ ഇന്ത്യയും ആത്മനിര്‍ഭര്‍ ഭാരതും നമ്മുടെ കരുത്ത് വിളിച്ചറിയിക്കുന്നു. പ്രതിരോധ മേഖലയില്‍ ഉത്പാദനം ഒരു ലക്ഷം കോടി കടന്നു. സമ്പദ്വ്യവസ്ഥയുടെ വിവിധ തലങ്ജള് പരിശോധിക്കുമ്പോള്‍ രാജ്യം ശരിയായ ദിശയിലാണെന്ന ആത്മവിശ്വാസമുണ്ട്.
ഇന്ന് രാജ്യത്ത് സ്ത്രീകള്‍ യുദ്ധ വിമാനങ്ങളുടെ പൈലറ്റുമാരാകുന്നു. യുവശക്തി, സ്ത്രീ ശക്തി, കര്‍ഷകര്‍, ദരിദ്രര്‍ എന്നിവരാണ് രാജ്യത്തിന്റെ വികസനത്തിന് അടിത്തറ കെട്ടുന്ന നാല് തൂണുകള്‍. എംഎസ്പി വഴി 18 ലക്ഷം കോടി കര്‍ഷകര്‍ക്ക് നല്കി. മുന്‍പ് ലഭിച്ചിരുന്നതിന്റെ രണ്ടര മടങ്ങ് ആണിത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകം രണ്ട് പ്രധാന യുദ്ധങ്ങളും കൊറോണ പോലെയുള്ള മഹാമാരിയും നേരിട്ടു. ആഗോള പ്രതിസന്ധിയ്ക്കിടെയിലും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞു. വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചില്ല. എംഎസ്എംഇകളും ചെറുകിട സംരംഭങ്ങളും ശക്തിപ്പെടുത്തുന്നതില്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നികുതിവരുമാനത്തിന്റെ വലിയൊരു ഭാഗവും സ്ത്രീകളുടെയും കര്‍ഷകരുടെയും യുവാക്കളുടെയും ദരിദ്രരുടെയും ഉന്നമനത്തിന് ഉപയോഗിക്കുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.






