
തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനികാന്തിന് തന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്ന് കിട്ടിയത് കഴിഞ്ഞ വര്‍ഷമാണ്. നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തിലെത്തിയ ജയിലര്‍ എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ച ചിത്രമാണ്. ജയിലറിന് ശേഷമുള്ള രജനികാന്ത് സിനിമയായ വേട്ടൈയനന്റെ ചിത്രീകരണം അന്തിമഘട്ടത്തിലാണ്. ഈ സിനിമയെക്കുറിച്ച് മലയാളികളുടെ ഏറ്റവും വലിയ സന്തോഷം ഫഹദ് ഫാസിൽ ഈ സിനിമയിൽ ഉണ്ടെന്നുള്ളതാണ്. ഇപ്പോഴിതാ ഫഹദ് കൂടിയുള്ള ചില ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നത്. ഏതാനും ആഴ്ചകള്‍ കൊണ്ട് അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാവുമെന്നാണ് റിപ്പോർട്ട്. ജയ് ഭീം സംവിധായകന് ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയില്‍ രണ്ട് ദിവസം മുന്‍പാണ് ആരംഭിച്ചത്.
രജനികാന്തിനൊപ്പം റാണ ദഗുബാട്ടിയുമൊക്കെ ഈ ഷെഡ്യൂളില്‍ അഭിനയിക്കുന്നുണ്ട്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 33 വർഷങ്ങള്‍ക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകതയാണ്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന് എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലോകേഷ് കനകരാജ് ആണ് വേട്ടൈയന് ശേഷമുള്ള രജനികാന്ത് ചിത്രം സംവിധാനം ചെയ്യുക. അതിനടുത്ത രജനികാന്ത് ചിത്രം ഒരുക്കുക മാരി സെല്‍വരാജ് ആയിരിക്കുമെന്നും റിപ്പോർട്ടുണ്ട്.







Comments