
വിവാഹ ദിവസം പല വിചിത്ര സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇതില്‍ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസം ബീഹാറിലുണ്ടായ ഒരു സംഭവം. എന്താണന്നല്ലേ? വിവാഹ ദിവസം വീട്ടില്‍ നിന്ന് മുങ്ങിയ വരനെ മൂന്നാം ദിവസം കണ്ടെത്തിയ വാര്‍ത്തയാണ് ഇത്. ബിഹാറിലെ മുസാഫര്‍പൂരിലാണ് വിചിത്ര സംഭവം അരങ്ങേറിയിരിക്കുന്നത്.
നവവധുവിനെയും മൊത്തം കുടുംബത്തെയും ആകെ ആശങ്കയിലാക്കിയായിരുന്നു വിവാഹദിവസം രാത്രി വരനെ കാണാതായത്. പിന്നാലെ, യുവാവിന്റെ കുടുംബം പോലീസ് സ്റ്റേഷനില്‍ ഇയാളെ കാണാനില്ല എന്ന് ഒരു പരാതിയും നല്കി. അഹിയാപൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ബിഹാറിലെ ഷഹബാസ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ആദിത്യ ഷാഹി എന്ന യുവാവിനെയാണ് വിവാഹദിവസം രാത്രി കാണാതായത്.
ഫെബ്രുവരി 4 ന് വളരെ ആര്ഭാടത്തോടെയായിരുന്നു വിവാഹം. ബോചഹാനില്‍ നിന്നുള്ള യുവതിയെയായിരുന്നു ഇയാള്‍ വിവാഹം കഴിച്ചത്. ആഘോഷമെല്ലാം കഴിഞ്ഞ് ഇരുവരും വൈകിട്ടോടെ യുവാവിന്റെ വീട്ടിലെത്തുകയും ചെയ്തു. എന്നാല്‍, വധുവിനെ തനിച്ചാക്കി യുവാവ് അന്ന് രാത്രി അവിടെ നിന്നും എങ്ങോട്ടോ പോവുകയായിരുന്നു. ഇതോടെ ഇയാളുടെ വീട്ടുകാരും വിവാഹം കഴിച്ച പെണ്‍കുട്ടിയും ആകെ പരിഭ്രാന്തരായി. യുവാവിനെ കാണാനില്ല എന്ന് കാണിച്ച് പോലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതിയും നല്കി.
രണ്ട് ദിവസം യുവാവിന്റെ ഫോണ്‍ സ്വിച്ചോഫ് ആയിരുന്നു. ആ സമയത്ത് ഇയാള്‍ പാറ്റ്നയിലും ദനാപൂരിലും ചെന്നു എന്നാണ് പറയുന്നത്. രണ്ട് ദിവസത്തിന് ശേഷം യുവാവ് തന്റെ ഫോണ്‍ ഓണ്‍ ചെയ്തു. ആ സമയത്ത് പോലീസ് യുവാവിന്റെ ഫോണ്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യുകയായിരുന്നു.
പിന്നാലെ, പോലീസെത്തി ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. മൂന്നാം ദിവസം രാത്രിയാണ് യുവാവ് ഫോണ്‍ ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. കൂടാതെ അക്കൗണ്ടില്‍ നിന്നും 50,000 രൂപയും ഇയാള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, എന്തിനാണ് ഇയാള്‍ വിവാഹദിവസം രാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.






