
കല്‍പ്പറ്റ: ആനയെ മയക്കുവെടി വെയ്ക്കുമെന്നും അതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ ഒരാള്‍ മരിച്ച സംഭവത്തെ വളരെ ഗൗരവതരമായി തന്നെ നോക്കുകാണുന്നുവെന്നും ആലോചനയോഗം ഉടന്‍ ഉണ്ടാകുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ താപ്പാനകളെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
റേഡിയോകോളറില്‍ നിന്നും സിഗ്നല്‍ കിട്ടാന്‍ താമസം വന്നെന്നും മന്ത്രി പറഞ്ഞു. കര്‍ണാടക വനം വകുപ്പിന്റെ വീഴ്ചയെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല എന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ആനയെ പിടികൂടാനുള്ള തീരുമാനം ആലോചിച്ച് എടുക്കും. സ്വാഭാവിക നടപടികള്‍ കൊണ്ട് മാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാവും എന്ന് കരുതുന്നില്ല കര്‍ണാടകയുമായി ബന്ധപ്പെടുമെന്നും കൂടുതല്‍ ആര് ആര് ടി സംഘത്തെ അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവകളുടെ ആക്രമണം പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വയനാട്ടില്‍ മനുഷ്യര്‍ കൊല്ലപ്പെടുകയും കൃഷി നശിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വനം വകുപ്പിന് ചെയ്യാന്‍ കഴിയുന്ന എല്ലാ നടപടികളും വേഗത്തില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് വേണ്ട രീതിയില്‍ ലഭിക്കാത്ത പശ്ചാത്തലത്തില്‍ കൂടുതല്‍ നടപടികള്‍ വേണ്ടതുണ്ടോ എന്ന് പരിശോധിക്കുകയാണ്.
കൂടുതല്‍ ദൗത്യ സംഘത്തെ അയച്ചുകൊണ്ട് വന്യമൃഗങ്ങളെ പിടികൂടി സംരക്ഷിക്കുകയോ കാട്ടിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു ഉന്നത തല യോഗം ഉടന്‍ തന്നെ കൂടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പറഞ്ഞു. വയനാട്ടില്‍ ഒരാളെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ ജനങ്ങള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിവിട്ടത്.






