
മലയാളികള്‍ ഏറെ ആവേശത്തോടെയാണ് മമ്മൂട്ടിയുടെ സിനിമകള്‍ കാത്തിരിക്കുന്നത്. അടുത്തിടെയായി തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. അക്കൂട്ടത്തില്‍ പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. സിനിമയുടെ പോസ്റ്ററുകളും മറ്റും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ വെറും അഞ്ചു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ മമ്മൂട്ടിയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭ്രമയുഗത്തിന്റെ ട്രെയ്ലര് ലോഞ്ചിന് പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ടുള്ള വീഡിയോയാണ് വ്യത്യസ്തമാകുന്നത്. ഒരു ഭ്രമയുഗം മൂഡിലാണ് വീഡിയോ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയ്മില് വരുന്ന മമ്മൂട്ടി അസാധരണമായ ചിരിയിലൂടെയും പരുക്കന്‍ ശബ്ദത്തോടെയും സിനിമയിലെ കഥാപാത്രമായാണ് സംസാരിക്കുന്നത്. ‘‘ നമസ്കാരം... നമ്മുടെ ഭ്രമയുഗം എന്ന പടം ഈ ഫെബ്രുവരി 15-ാം തീയതിയാണ് റിലീസാകുകയാണ്.... ശനിയാഴ്ച 10-ാം തീയതി അബുദാബി അല്‍ വാദ മാളില്‍ വച്ച് ഇതിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നുണ്ട്. എല്ലാവരും വരണം. അപ്പോള്‍ അവിടെ വച്ച് കാണാം. ശനിയാഴ്ച,10-ാം തീയതി, അല്‍വാദ മാള്‍, അബുദാബി...’’എന്നാണ് പരുക്കന്‍ ശബ്ദത്തില്‍ ചിരിച്ചു കൊണ്ട് മമ്മൂട്ടി പറയുന്നത്. വീഡിയോയില്‍ മമ്മൂട്ടിയുടെ ചിരി തന്നെയാണ് ഹൈലൈറ്റ്. വീഡിയോ പങ്കിട്ടപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
22 ലധികം രാജ്യങ്ങളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഹൊറർ ത്രില്ലർ വിഭാഗത്തില്‍ വരുന്ന ചിത്രം പൂർണമായും ബ്ലാക് ആൻഡ് വൈറ്റ് തീമിലാണ് ഒരുങ്ങുന്നത്. റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി കുഞ്ചമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് ഭ്രമയുഗത്തില്‍ അവതരിപ്പിക്കുക എന്നതും കത്തനാര് സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതമായ കുഞ്ചമൻ പോറ്റിയുടെ കഥയാണ് ഭ്രമയുഗം പറയുന്നത് എന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം രാഹുല്‍ സദാശിവന് പറഞ്ഞിരുന്നു. ‘‘ഭ്രമയുഗം പൂർണമായും ഫിക്ഷണല്‍ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങള്‍ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല. ഏതെങ്കിലും ഒരു കുടുംബത്തെയോ ഏതെങ്കിലും ഒരു കഥാപാത്രത്തെയോ ഉദ്ദേശിച്ചുളള ഒരു സിനിമയല്ല ഭ്രമയുഗം. ഭ്രമയുഗം കൂടുതല്‍ പേടിപ്പിക്കും എന്ന പ്രതീക്ഷയോടെ ആണ് ഇരിക്കുന്നത്, എന്നാല്‍ അത്തരമൊരു ചിത്രമല്ല ഇത്. കത്തനാരിലെ കുഞ്ചമന്‍ പോറ്റിയുമായി മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു ബന്ധവുമില്ല...മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചു...ചിത്രം പൂര്‍ണമായും ഫിക്ഷണല്‍ സ്റ്റോറിയാണ്. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണിത്. ചെറിയ ഹൊറര്‍ എലമെന്റ്സ് ഇതിലുണ്ട്. എന്നിരുന്നാലും ഇതൊരു സസ്പെന്‍സ് ത്രില്ലര്‍ എന്ന് പറയാന്‍ കഴിയുന്ന സിനിമയാണ്. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ കണ്ടാല്‍ എക്സ്പീരിയന്‍സ് വേറെ ആയിരിക്കും...’’’’ രാഹുല്‍ സദാശിവന് പറഞ്ഞു.
ചിത്രത്തിന്റെ സംഭാഷണ രചന നിര്‍വഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്ജുന് അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങളില്‍ സിനിമയിലെത്തുന്നത്.






