
കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബാലിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു യുവതി കണ്ട ഒരു വിചിത്ര കാഴ്ചയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
നിമിഷനേരം കൊണ്ടാണ് യുവതി പങ്കുവച്ച ഈ വീഡിയോ വൈറലായത്. വൈദ്യുതി കമ്പിയില്‍ വലകെട്ടി യഥേഷ്ടം വിഹരിക്കുന്ന ഒരു വലിയകൂട്ടം ചിലന്തികളായിരുന്നു ഈ വീഡിയോയില്‍. ചിലന്തി കോളനി എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ വീഡിയോയിലെ കാഴ്ചകള്‍ നെറ്റിസണ്‍സ് ഏറെ കൗതുകത്തോടെയാണ് ഏറ്റെടുത്തത്.
@graces_adventures എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ആണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ കാഴ്ച പങ്കുവെച്ചത്. ബാലിയില്‍ കണ്ട അസ്വസ്ഥമായ കാഴ്ച ഇതാണ് എന്ന കുറിപ്പോടെയാണ് ഇവര്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ വൈദ്യുതി കമ്പികള്‍ക്കിടയിലും പരിസരത്തെ മരങ്ങളിലുമായി വലവിരിച്ച് കൂട് കൂട്ടിയിരിക്കുന്ന നൂറുകണക്കിന് ചിലന്തികളെയാണ് കാണാന്‍ കഴിയുക. ചിലന്തികളുടെ വലിപ്പം ഭയപ്പെടുത്തുന്നതാണ്, അത് കാഴ്ചക്കാരെ അസ്വസ്ഥരാക്കുന്നു. വീഡിയോയിലെ അടിക്കുറിപ്പില്‍, ഉബുദില്‍ നിന്ന് ബത്തൂര്‍ മൗണ്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ കണ്ട കാഴ്ചയാണിതെന്ന് പറയുന്നുണ്ട്. ഇരുപത് മീറ്ററോളം ഈ ചിലന്തികോളനി നീണ്ടു കിടക്കുന്നതായും പോസ്റ്റില്‍ പറയുന്നുണ്ട്.
നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. ചിലര്‍ അങ്ങേയറ്റം ഭയം പ്രകടിപ്പിച്ചു, ഈ കാഴ്ച നേരില്‍ കണ്ടാല്‍ താന്‍ ബോധരഹിതനാകുമെന്ന് ഒരാള്‍ കുറിച്ചു. എന്നാല്‍, മറ്റു ചിലര്‍ ചിലന്തികള്‍ക്ക് ഭയപ്പെടുത്തുന്ന രൂപമുണ്ടെങ്കിലും അവ പൊതുവെ നിരുപദ്രവകരമാണെന്ന് അഭിപ്രായപ്പെട്ടു. ചിലന്തികളോടുള്ള വ്യാപകമായ ഭയത്തെ ഒരു ഉപയോക്താവ് വിമര്‍ശിച്ചു, അവയെ ഉറുമ്പുകളോട് ഉപമിക്കുകയും അത്തരം ജീവികളോടുള്ള ഭയം അനാവശ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.






