
മുന്‍ മിസ് യൂണിവേഴ്സും അഭിനേത്രിയുമായ സുസ്മിത സെന്‍ ബോളിവുഡില്‍ ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മിസ് യൂണിവേഴ്സ് പട്ടം നേടിയ ശേഷം ‘ദസ്തക്’ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചുത്. കരിയറില്‍ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ആത്മവിശ്വാസത്തോടെ മുന്നേറുന്ന താരം കൂടിയാണ് സുസ്മിത. തനിക്ക് ഹൃദയാഘാതം സംഭവിച്ച വിവരവും അതിനു ശേഷം ആൻജിയോപ്ലാസ്റ്റി ചെയ്തുതും ആരോഗ്യനില തൃപ്തികരമായെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നു. സംസാരത്തിലും പെരുമാറ്റത്തിലും പോസിറ്റീവ് വൈബ് നിലനിര്‍ത്തുന്നതാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പല ബ്യൂട്ടി പെഗനന്റ് മത്സരത്തിലും ജഡ്ജായും താരം തിളങ്ങിയിട്ടുണ്ട്. മിസ് യൂണിവേഴ്സിന്റെ വിധിനിർണയത്തിനായി സുസ്മിത സെൻ ഫിലിപ്പീൻസിൽ എത്തിയിരുന്നു. 1994-ൽ സുസ്മിത മിസ്സ് യൂണിവേഴ്സ് കിരീടം നേടിയ രാജ്യമാണ് ഫിലിപ്പീൻസ് എന്നതിനാൽ ഈ യാത്ര താരത്തിന് ഏറെ പ്രത്യേകമായിരുന്നു. ഇപ്പോഴിതാ ആ യാത്രയിലെ മറക്കാനാവാത്ത ഒരു സന്തോഷം പങ്കിടുകയാണ് താരം. 1994-ൽ ജനിച്ചതു കൊണ്ടു മാത്രം തന്റെ പേരിലുള്ള നാല് ഫിലിപ്പിനോ പെൺകുട്ടികളെ കണ്ടുമുട്ടിയതായിരുന്നു ഏറെ പ്രത്യേകത നിറഞ്ഞ കാര്യമെന്ന് താരം പറയുന്നു. ജെസീക്ക സോഹോ എന്ന മാധ്യമ ചാനലായ കപുസോ മോയ്ക്ക് ഒരു അഭിമുഖം നൽകുന്നതിനിടെയാണ് സുസ്മിതയെ പെൺകുട്ടികൾക്ക് പരിചയപ്പെടുത്തി സോഹോ അത്ഭുതപ്പെടുത്തിയത്. ‘‘നിങ്ങൾ വിജയിച്ച വർഷം 1994-ൽ ജനിച്ച പെൺകുട്ടികളെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അവർക്കെല്ലാം നിങ്ങളുടെ പേരായിരുന്നു...’’ എന്നാണവര്‍ പറഞ്ഞത്. അതു കേട്ടപ്പോള്‍ വളരെ സന്തോഷവും അഭിമാനവും അമ്പരപ്പും തോന്നിയെന്നാണ് സുസ്മിത പറയുന്നത്. ‘‘എന്ത്! നിങ്ങളെല്ലാവരും സുസ്മിതകളാണോ?... എല്ലാ പെൺകുട്ടികളോടും പേരുകള്‍ ചോദിച്ചു, ഒരു പെൺകുട്ടിക്ക് എന്റെ മുഴുവൻ പേരുമുണ്ടെന്ന് അറിഞ്ഞപ്പോള്‍ വല്ലാത്തൊരു വികാരമായിരുന്നു മനസ്സില്‍...’’ സുസ്മിത പറയുന്നു.






