
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. കൂടുതലും സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ അതിക്രമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സ്ത്രീകള്‍ക്ക് അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കുകയും, അവരുടെ സ്വകാര്യതയ്ക്ക് ഭീഷണയാകുന്ന വിധത്തിലുള്ള പ്രവണതകള്‍ കാണിക്കുകയും ചെയ്യുന്നതാണ് ഇതില്‍ കൂടുതലും. ഇപ്പോഴിതാ ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിക്ക് സന്ദേശമയച്ചു എന്നാരോപിച്ച് ഒരാളെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് തല്ലുന്നതിന്റെ വീഡിയോയാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചത്.
@Ghar Ke Kalesh എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ നടുറോഡില്‍ കിടന്നു തല്ലുണ്ടാക്കുന്ന യുവാക്കളെയാണ് കാണുന്നത്. വാഹന ഗതാഗതം തടസപ്പെടുത്തി യുവാക്കള്‍ പരസ്പരം തല്ലുന്നത് ആദ്യമൊക്കെ ആളുകള്‍ കണ്ടു നിന്നു. പിന്നീട് അല്പം മുതിര്‍ന്ന ചിലരെത്തി യുവാക്കളെ പിടിച്ച് മാറ്റുന്നതിനിടെ ഒരാള്‍ ഇടിക്കാനുള്ള കല്ലുമായി ഓടിവരുന്നതും ആള്‍ക്കൂട്ടത്തെ കണ്ട് പെട്ടെന്ന് കല്ല് താഴെയിടുന്നതും വീഡിയോയില്‍ കാണാം. ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് തൊട്ട് മുമ്പ് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. എപ്പോള്‍ എവിടെ നടന്നതാണ് സംഭവമെന്ന് വീഡിയോയില്‍ പറയുന്നില്ല.
വീഡിയോയ്ക്ക് കമന്റുമായി നിരവധി ആളുകളാണ് വന്നെത്തിയത്. ഒരു കാഴ്ചക്കാരനെഴുതിയത് 'ഗയ്സ് പെണ്‍കുട്ടികള്‍ക്ക് സന്ദേശം അയക്കരുത്' എന്നായിരുന്നു. യുവാക്കളുടെ കൂട്ടത്തല്ലിനെ സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ പലരും തമാശയായാണ് കണ്ടത്. 'ഈ വഴക്ക് കുറച്ചു നേരം കൂടി നീണ്ടു നില്ക്കാമായിരുന്നു.. കൂടുതല്‍ രസകരമാകുമായിരുന്നു.. ആളുകള്‍ ഒരു കാരണവുമില്ലാതെ അവരെ നിര്‍ത്താന്‍ പ്രേരിപ്പിച്ചു.' തല്ലില്‍ രസം പിടിച്ച ഒരു കാഴ്ചക്കാരനെഴുതി. 'എല്ലാവരും എന്തിനാണ് വഴക്കിടുന്നത്? അതൊരു ഗ്രൂപ്പ് ചാറ്റ് ആയിരുന്നോ?', എന്നതായിരുന്നു മറ്റൊരു ഉപയോക്താവിന്റെ ചോദ്യം. മറ്റൊരു കാഴ്ചക്കാരനെഴുതിയത് 'കറുത്ത ടീ-ഷര്‍ട്ടാണ് ഏറ്റവും മിടുക്കന്' എന്നായിരുന്നു.






