
കര്‍ഷക സംഘടനകൾ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് മണിവരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന റോഡുകളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും.
അതേസമയം ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കടകൾ തുറന്നു പ്രവര്‍ത്തിക്കും. കർഷകർ നടത്തുന്ന സമരത്തിന് വ്യാപാരികളുടെ ധാർമിക പിന്തുണ നൽകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് പറഞ്ഞു.
എന്നാൽ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത ബന്ദിന്റെ പേരിൽ കേരളത്തിൽ കടകമ്പോളങ്ങൾ അടക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ബന്ദ് ആയതിനാല്‍ നാളെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കും എന്ന് പ്രചരണം നടക്കുന്നുണ്ട്. അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത കിസാൻ മോർച്ച ഗ്രാമീണ ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2020ലും ദില്ലി കർഷകസമരത്തിൽ സംയുക്ത കിസാൻ മോർച്ച ഗ്രാമീണതലത്തിലുള്ള ബന്ദിനാണ് ആഹ്വാനം ചെയ്തിരുന്നത്.






