
പാലക്കാട്: ഒന്നര വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മാതാവ് കുട്ടിയെ മാവേലിക്കരയില്‍ വെച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഷൊര്‍ണൂരില്‍ പങ്കാളി ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി. ശില്പ നല്കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചശേഷമാണ് കൃത്യം നടത്തിയതെന്നാണ് സൂചന.
ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. മാവേലിക്കരയില്‍ വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശില്പ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്വദേശമായ മാവേലിക്കരയില്‍ വച്ചാണ് ശില്പ കുഞ്ഞിനെ കൊലപ്പെടുത്തിയത്. അവിടെ നിന്ന് കാറില്‍ ഷൊര്‍ണൂരിലെത്തി അജ്മല്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ മൃതദേഹം വെച്ച് മടങ്ങാന്‍ ഒരുങ്ങി. ഈ സമയത്ത് പങ്കാളി അജ്മലാണ് സംഭവം ഷോര്‍ണൂര്‍ പൊലീസില്‍ അറിയിച്ചത്. കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകാനായിരുന്നു പൊലീസ് നിര്‍ദ്ദേശിച്ചത്.
തുടര്‍ന്ന് ഷോര്‍ണൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. ശില്പയെ പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിലായിരുന്നു ശില്‍പ്പയുടെ കുറ്റസമ്മതം. കുഞ്ഞിനെ കൊല്ലുമെന്ന് ശില്പ അജ്മലിന് മുമ്പ് പല തവണ സന്ദേശം അയച്ചിട്ടുള്ളതിനാല്‍ അജ്മല്‍ ഇത്തവണത്തെ സന്ദേശവും കാര്യമായി എടുത്തില്ല. പ്രണയിച്ച് ഒരുമിച്ച് താമസിക്കുകയായിരുന്ന അജ്മലും ശില്പയും കുറച്ചുകാലമായി അകന്നു താമസിക്കുകയായിരുന്നു.
ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് ശിഖന്യയുടെ കൊലപാതകത്തിന് കാരണമായതെന്നു പൊലീസ് പറഞ്ഞു. ആലപ്പുഴ മാവേലിക്കര സ്വദേശി ശില്പയുടെയും പാലക്കാട് ഷോര്‍ണൂര്‍ സ്വദേശി അജ്മലിന്റെയും മകളാണ് കൊല്ലപ്പെട്ട ഒന്നര വയസുകാരി ശിഖന്യ.






