
മൃഗശാലകള് സന്ദര്ശിക്കാത്തതായി അധികമാരും ഉണ്ടാകില്ല. വന്യമൃഗങ്ങളെ അടുത്ത് കാണാനും അവയുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാനുമെല്ലാം ആളുകള്ക്ക് വലിയ താത്പര്യമാണ്. അതുപോലെ തന്നെ മൃഗശാലകളില് സന്ദര്ശകര്ക്കായി ചില മുന്നറിയിപ്പും നിയമങ്ങളും ഒക്കെ അധികൃതര് നല്കാറുണ്ട്. എന്നാല് പലരും ഇത് പാലിക്കാറില്ല എന്നതാണ് വാസ്തവം. എന്നാല് ഇത്തരം കാര്യങ്ങള് കാര്യമാക്കാതെ വന്നാല്
വലിയ അപകടങ്ങളിലേക്ക് ചിലതെല്ലാം എത്തിക്കാം എന്ന് തെളിയിക്കുന്ന ഒരു കാര്യം ഒരു മൃഗശാലയില് സംഭവിച്ചിരിക്കുകയാണ്. സംഭവം എന്താണന്നല്ലേ? ഹെന്റി ഡോര്ലി സൂ ആന്ഡ് അക്വേറിയത്തിലുള്ള തിബോഡോക്സ് എന്ന 36 -കാരന് ചീങ്കണ്ണിയുടെ വയറ്റില് നിന്നും ഡോക്ടര്മാര് പുറത്തെടുത്തത് 70 നാണയങ്ങളാണ്.
മൃഗശാലയിലെ ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയിലാണ് ചീങ്കണ്ണിയുടെ വയറ്റില് നാണയശേഖരം തന്നെ കണ്ടെത്തിയത്. എല്ലാ നാണയങ്ങളും പിന്നീട് വിജയകരമായി നീക്കം ചെയ്തു. തിബോഡോക്സിന് മറ്റ് അപകടസാഹചര്യങ്ങളൊന്നുമില്ലെന്നും മൃഗശാല അധികൃതര് പറയുന്നു. വെറ്ററിനറി ഡോക്ടര് ക്രിസ്റ്റീന പ്ലൂഗ് പറയുന്നത് സന്ദര്ശകര് ചീങ്കണ്ണിയെ പാര്പ്പിച്ചിരിക്കുന്നിടത്തേക്ക് നാണയങ്ങള് വലിച്ചെറിയുന്നുണ്ടാവണം എന്നാണ്. അങ്ങനെ വലിച്ചെറിഞ്ഞ നാണയങ്ങളാവാം ഇതിന്റെ വയറ്റിലെത്തിയത് എന്നും ഡോക്ടര് പറയുന്നു. തിബോഡോക്സിന് അനസ്തേഷ്യ നല്കി. പിന്നാലെയാണ് വയറ്റില് നിന്നും നാണയം നീക്കം ചെയ്തത്. ചീങ്കണ്ണി പ്രശ്നങ്ങളൊന്നുമുണ്ടാക്കിയില്ല എന്നും അനസ്തേഷ്യ കൂടി നല്കിയിരുന്നത് കൊണ്ട് വിജയകരമായി നാണയങ്ങള് നീക്കം ചെയ്യാന് സാധിച്ചു എന്നും ഡോക്ടര് ക്രിസ്റ്റീന പറയുന്നു.
ഈ മൃഗശാലയില് ചീങ്കണ്ണികള്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല എന്ന് ഉറപ്പിക്കാന് വേണ്ടി പതിവായി പരിശോധന നടക്കാറുണ്ട്. അതില് റേഡിയോഗ്രാഫ്സും രക്തം ശേഖരിക്കലും പെടുന്നു. ഈ പരിശോധനയിലാണ് ചീങ്കണ്ണിയുടെ വയറ്റില് നാണയങ്ങള് കിടക്കുന്നതായി കണ്ടെത്തിയത്. പിന്നീട്, വിജയകരമായി അത് നീക്കം ചെയ്യുകയായിരുന്നു. നാണയങ്ങള് നീക്കം ചെയ്ത ശേഷമുള്ള എക്സ് റേ ഇമേജും മൃഗശാല പങ്കുവച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മൃഗശാലയിലെ ഒരു ജലാശയങ്ങളിലും നാണയങ്ങള് വലിച്ചെറിയരുത് എന്ന് സംഭവത്തിന് പിന്നാലെ മൃഗശാല അധികൃതര് സന്ദര്ശകര്ക്ക് മുന്നറിയിപ്പ് നല്കുന്നു.







Comments