ഹൈദരാബാദ്: 18 വര്‍ഷമായി ദുബായിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചുവന്നിരുന്ന അഞ്ച് തെലങ്കാന സ്വദേശികള്‍ ഇന്നലെ വീണ്ടും വീട്ടുകാരെ കണ്ടു. ചൊവ്വാഴ്ചയാണ് ജയില്‍ മോചനം നേടി ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. 2005ല്‍ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് രജാന സിര്‍സില്ല സ്വദേശികളായ ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലന്‍ നാംപള്ളി, ഡുണ്ടുഗുല്ല ലക്ഷ്മന്, ശിവരാത്രി മന്മന്തല്ലു എന്നിവരെ പിടികൂടുന്നതും 25 വര്‍ഷം ജയില്‍ വാസത്തിനു ശിക്ഷിക്കപ്പെടുന്നതും.
ദുബായില്‍ ജോലിക്കാരായിരുന്നു അഞ്ചു പേരും. ഇവരുടെ സ്ഥാപനത്തില്‍ വാച്ച്മാനായ നേപ്പാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശികളുടെ മോചനത്തിനായി ബിആര്‍എസ് പാര്‍ട്ടി നേതാവ് കെ.ടി രാമറാവു നയതന്ത്ര ചാനലിലൂടെ നിരന്തരം ഇടപെട്ടിരുന്നു. 2011ല്‍ നേപ്പാള്‍ സന്ദര്‍ശിച്ച രാമറാവു കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും 15 ലക്ഷം രൂപ ധനസഹായം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ദുബായ് ജയിലിലായിരുന്ന തെലങ്കാന സ്വദേശികള്‍ക്ക് ഭാഷയായിരുന്നു പ്രധാന പ്രശ്നം.നിരന്തരം അപ്പീലുകള്‍ നല്‍കിയെങ്കിലൂം അവ തള്ളിപ്പോകുകയിരുന്നു. ആദ്യം നല്കിയ മാപ്പപേക്ഷയും നിരസിക്കപ്പെട്ടതോടെ ഇവര്‍ ജയിലില്‍ തന്നെ തുടരുകയായിരുന്നു.
എന്നാല്‍ ദുബായിലെ നിയമങ്ങളില്‍ മാറ്റം വന്നതോടെ മോചനത്തിനുള്ള പ്രതീക്ഷ വീണ്ടും തെളിഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കെ.ടി രാമറാവു, വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് മാപ്പിനായി അപേക്ഷ നല്‍കുകയായിരുന്നു. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ഇവരുടെ മോചനത്തിനുള്ള ദയാഹര്‍ജി അംഗീകരിപ്പെടുകയും ഇവരെ ജയിലില്‍ നിന്ന് വിട്ടയക്കുകയുമായിരുന്നു.






