
മലയാള സിനിമാപ്രേക്ഷകരും ടെലിവിഷന്‍ പ്രേക്ഷകരും ഒരുപോലെ ഞെട്ടിയ ഒരു വിയോഗവാര്‍ത്തയായിരുന്നു നടിയും അവതാരകയുമെല്ലാമായ സുബി സുരേഷിന്റേത്. ഒരു വര്‍ഷം മുമ്പ് സുബിക്ക് ആദരാഞ്ജലികള്‍ നേർന്ന് നടൻ ടിനി ടോം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് സത്യമാണോ അല്ലയോയെന്ന് വിശ്വസിക്കാൻ പോലും അന്ന് പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. മലയാളികള്‍ക്ക് സുപരിചിതമായിരുന്നത് എപ്പോഴും പുഞ്ചിരിയുമായി നില്ക്കുന്ന സുബിയുടെ മുഖമായിരുന്നു. അതുകൊണ്ട് തന്നെ സുബിയുടെ പെട്ടന്നുള്ള വേർപാട് ഉള്‍ക്കൊള്ളാൻ പ്രേക്ഷകര്ക്കായില്ല. എപ്പോഴും ആളുകള്‍ക്കിടയില്‍ നിറഞ്ഞ് നിന്നിരുന്ന വേദികളും ചാനല്‍ പരിപാടികളുമൊക്കെയായി തിരക്കിലായിരുന്ന സുബിയുടെലോകം അമ്മയും കുടുംബവുമായിരുന്നു. കുടുംബത്തെ പോലെ സുബി സ്നേഹിച്ച മറ്റൊരാള്‍ സുഹൃത്തായ രാഹുലാണ്. വര്‍ഷങ്ങളായുള്ള പരിചയമാണ് രാഹുലുമായുള്ള വിവാഹം എന്ന തീരുമാനത്തിലേക്ക് സുബിയെ എത്തിച്ചത്. വിവാഹത്തിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിയിരുന്നു. അതിനിടയിലായിരുന്നു സുബിയുടെ അപ്രതീക്ഷിത വിയോഗം.
ഇന്നും സുബിയുടെ വേർപാടും വിടവും ഉള്‍ക്കൊള്ളാൻ കഴിയാതെ രാഹുല്‍ ജീവിതം തള്ളി നീക്കുകയാണ്. ഇപ്പോഴിതാ സുബിയുടെ വേർപാടിന് ഒരു വയസാകുമ്പോള്‍ കഴിഞ്ഞ ഒരു വർഷത്തെ ജീവിതം എങ്ങനെയായിരുന്നുവെന്നും ഒന്നും ഓർക്കാതിരിക്കാൻ വേണ്ടി തിരക്കുകളില്‍ പെട്ട് ജീവിച്ചാലും എപ്പോഴെങ്കിലുമൊക്കെ ഒറ്റപെട്ട് പോകുമെന്നും പറയുകയാണ് രാഹുല്‍ പറയുന്നത്. ‘‘സുബിയുടെ മരണ വാർത്ത കേട്ടപ്പോള്‍ കരച്ചിലായിരുന്നില്ല ഒരു മരവിപ്പാണ് അനുഭവപ്പെട്ടത്. സുബിയെ പറ്റി എപ്പോഴും ആലോചിക്കും. സുബിയുടെ അമ്മയും സഹോദരനുമൊന്നും ആ വേർപാടില്‍ നിന്ന് മുക്തി പ്രാപിച്ചിട്ടില്ല. കലാഭവന്റെ എല്ലാ പരിപാടികളും സുബി പങ്കെടുത്തിരുന്നതുകൊണ്ട് ആ ഓർമ വരും. പരിപാടികള്‍ക്കായി ഓരോ സ്ഥലത്ത് ചെല്ലുമ്ബോള് ആളുകള്‍ തിരിച്ചറിഞ്ഞ് വന്ന് സംസാരിക്കും. സുബിയുടെ കാര്യം പറഞ്ഞാണ് അവർ സംസാരിക്കാൻ വരുന്നത്. അതുകൊണ്ട് ദേഷ്യം തോന്നാറില്ല. സുബിയോടുള്ള ഇഷ്ടം കാരണം ആളുകള്‍ക്ക് എന്നോടും ഇപ്പോള്‍ സ്നേഹമുണ്ട്. സുബി ഭക്ഷണം കഴിക്കാത്തതില്‍ വിഷമം തോന്നിയിരുന്നു. പറഞ്ഞാലും ചിലപ്പോള്‍ കഴിക്കില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഞാൻ സുബിയെക്കാള് കഷ്ടമാണ്. സുബിയെപ്പോലെ സുബി മാത്രമെയുള്ളു. സുബിയുടെ വേർപാടിന്റെ വിഷമവും ഒറ്റപ്പെടലും കാരണം ഇപ്പോള്‍ വിഷമം ആസ്വദിക്കാൻ തുടങ്ങി. സുബിയുടെ മരണത്തോടെ ഞാൻ ഒറ്റപ്പെട്ടു. ചിലപ്പോള്‍ വല്ലാതെ വിഷമം വരും. പക്ഷെ അതിനെയൊക്കെ മറികടന്നല്ലേ പറ്റു. മരണം കേട്ടപ്പോള്‍ വിഷമമായിരുന്നില്ല ഒരു മരവിപ്പായിരുന്നു. പെട്ടന്ന് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ലല്ലോ. സുബിക്ക് സിനിമ കിട്ടാഞ്ഞിട്ടല്ല. തിരക്ക് കാരണം സിനിമയില്‍ അഭിനയിക്കാൻ പോകാതിരുന്നതാണ്. സുബിയുടെ വീട്ടുകാർ ആ മരണത്തില്‍ നിന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സുബി തന്റേടിയാണെന്ന് തോന്നും പക്ഷെ വളരെ പാവമാണ്. തന്റേടം പുറത്ത് കാണിച്ച് നടന്നാലെ പിടിച്ചുനില്ക്കാൻ പറ്റൂവെന്ന് സുബി പറയാറുണ്ടായിരുന്നു. അതുപോലെ വേറൊരു കല്യാണം കഴിക്കാൻ സുബിയുടെ അമ്മയൊക്കെ ഭയങ്കരമായി നിർബന്ധിക്കുന്നുണ്ട്. അതിനെ കുറിച്ച് പ്രത്യേകിച്ച് ഉത്തരമൊന്നും പറയാനില്ല. ഞാൻ അതേ കുറിച്ച് ആലോചിച്ചിട്ടില്ല. എല്ലാം അക്സപറ്റ് ചെയ്യുന്ന ഒരാള്‍ വരണമല്ലോ...’’ രാഹുല്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ രാഹുല്‍ മനസ്സു തുറന്നു.
സുബിയുടെ ഓർമദിനത്തില്‍ സുബിക്കൊപ്പമുള്ള ഒരു വിദേശ യാത്രയുടെ വീഡിയോയാണ് രാഹുല്‍ പങ്കിട്ടത്. സുബിക്ക് വളരെ ഇഷ്ടപ്പെട്ടാണ് ഒരു പാട്ടാണ് വീഡിയോയ്ക്കൊപ്പം ചേർത്തിരുന്നത്.
കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 22നാണ് സുബി മരിച്ചത്. കരള്‍ മാറ്റിവെയ്ക്കാനുള്ള നിർദേശമുണ്ടായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. കഴിഞ്ഞ കുറച്ച് കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു.






